Tuesday, October 23, 2007

അറ്റകുറ്റപ്പണി: കര്‍ശന നടപടിയെന്ന് മന്ത്രി

മഴയുടെ പേര് പറഞ്ഞ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ്. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളെ കുറിച്ച് ആലോചിക്കുന്നതിനായി പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 17.42 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ശബരിമല റോഡുകള്‍ കടന്നുപോകുന്ന കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിരിക്കും ഈ തുക ചെലവഴിക്കുക. ഈ റോഡുകളുടെ അറുപത് ശതമാനം പണികളും പൂര്‍ത്തിയാക്കിയതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ മന്ത്രിയെ അറിയിച്ചു. ശേഷിക്കുന്നവ നവംബര്‍ 15ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. ശബരിമല തീര്‍ത്ഥാടനത്തിന്‍റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് അറ്റകുറ്റപ്പണികള്‍ രാത്രിയും പകലുമായി പൂര്‍ത്തിയാക്കും. മഴയില്ലാത്ത സമയങ്ങളില്‍ കൂടുതല്‍ ജോലി ചെയ്ത് തീര്‍ക്കണം. ഇതിനായി കൂടുതല്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.പ്രതികൂലകാലാവസ്ഥയുടെ പേരില്‍ പണികള്‍ നിര്‍ത്തിവച്ചാല്‍ അത് ഗൌരവമായി കാണ്ട് നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി ഉദ്യോഗസ്ഥന്മാരെ അറിയിച്ചു. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളുടെ പുരോഗതി എല്ലാദിവസവും വിലയിരുത്തുന്നതിനായി പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(Source: yahoo.malayalam)

ഇന്‍ഫോസിസിന് 18 ശതമാനം ലാഭവര്‍ധന

സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്‍ഫോസിസിന്‌ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 18.4 ശതമാനം അറ്റാദായ വളര്‍ച്ച. സെപ്റ്റംബര്‍ 30 ന്‌ അവസാനിച്ച പാദവര്‍ഷത്തില്‍ 1100 കോടി രൂപയാണ്‌ കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 930 കോടി രൂപയായിരുന്നു. രണ്ടാം പാദത്തില്‍ കമ്പനിയുടെ വില്‍പനയില്‍ 19 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും ഇന്‍ഫോസിസ്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ ക്രിസ്‌ ഗോപാലകൃഷ്ണന്‍ ബാംഗ്ലൂരില്‍ അറിയിച്ചു. ഇക്കാലയളവില്‍ എ ബി എന്‍ ആം‌റൊ ഉള്‍പ്പെടെ പുതുതായി 48 ഇടപാടുകാര്‍ കൂടി ഇന്‍ഫോ‌സിസിന് സ്വന്തമാക്കാനുമായി.
(Source: yahoo.malayalam)

ആസ്ത്മയും ഭക്ഷണവും

പുകപടലങ്ങള്‍, പൊടി.പുല്ല്,പൂമ്പൊടി മുതലായവ പോലെ തന്നെ ഭക്ഷണവും ആസ്ത്മയ്ക്ക് കാരണമാകാറുണ്ട്. ഇതിന് പൊതുവായൊരു പട്ടിക ഉണ്ടാക്കാനാവില്ല. ഓരോരുത്തരിലും ഭക്ഷണങ്ങള്‍ വ്യത്യസ്ഥപ്രതികരണം കാണിക്കുന്നു എന്നതുതന്നെ കാരണം. ഭക്ഷണത്തിലെ പ്രോട്ടീനോട് ശരീരം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതുകാരണമാണ് ആഹാരത്തിനോട് അലര്‍ജി ഉണ്ടാവുന്നത്. രോഗപ്രതിരോഗ വ്യൂഹം പ്രവര്‍ത്തന സജ്ജമാകുകയും ആ ഭക്ഷണത്തിലെ പ്രോട്ടീന് എതിരായുള്ള ആന്‍റിബോഡി ഉണ്ടാവുകയും ചെയ്യുന്നു. അടുത്ത തവണ ഇതേ ഭക്ഷണം കഴിക്കുമ്പോള്‍ അത് അലര്‍ജിക്കു കാരണമാകുന്നു.പാല്‍, മുട്ട, ഗോതമ്പ്, കപ്പലണ്ടി, കണവ, ഞണ്ട്, സോയാബീന്‍സ് തുടങ്ങിയവ സാധാരണയായി അലര്‍ജി ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. ഭക്ഷണത്തിലുള്ള ചില രാസവസ്തുക്കള്‍ ചിലരില്‍ ആസ്ത്മ ഉണ്ടാക്കാം. ഭക്ഷണങ്ങളില്‍ കൃത്രിമമായി ചേര്‍ക്കുന്ന പ്രിസേര്‍വേറ്റീവ്സ് ആണ് പലപ്പോഴും പ്രശ്നത്തിനു കാരണമാവുക. സാലിസിലേറ്റ്സ്, അമീന്‍സ് മുതലായവ ഇങ്ങനെ കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങളാണ്. അലര്‍ജി പരിശോധനയിലൂടെയും തൊലിപ്പുറത്തുള്ള കുത്തിവെയ്പ്പിലൂടെയും അലര്‍ജി കണ്ടുപിടിക്കാം. ഒരോ ഭക്ഷണവും കഴിച്ച ശേഷം വലിവു കൂടുന്നോ എന്നു പരിശോധിക്കുന്നത് അലര്‍ജിയുള്ള പദാര്‍ഥത്തെ കണ്ടുപിടിക്കാന്‍ സഹായിക്കും. പാല്‍, പാലുല്‍പ്പന്നങ്ങള്‍, പഴങ്ങള്‍ ഇലക്കറികള്‍,പച്ചക്കറികള്‍ തുടങ്ങിയവയൊക്കെ ആസ്ത് മയെ പ്രതിരോധിക്കാന്‍ ഉപകരിക്കുന്നു എന്നാണ് കണ്ടെത്തല്‍. എണ്ണപ്പലഹാരങ്ങള്‍ ആസ്ത്മാ രോഗികള്‍ കഴിയുന്നതും ഒഴിവാക്കുക.അമിത ഭക്ഷണം ഒഴിവാക്കുക. ധാരാളം വെള്ളം കുടിയ്ക്കുക. ചിട്ടയായ ജീവിതം നയിക്കുക. ഇവയൊക്കെ ആസ്ത്മയെ പ്രതിരോധിക്കാന്‍ സഹായിക്കും.
(Source: weblokam)

കോളിഫ്ലവര്‍ ചില്ലിക്കറി

ചേര്‍ക്കേണ്ട ഇനങ്ങള്‍
കോളിഫ്ലവര്‍ 2 കിലോ മുട്ട 4 എണ്ണം കുരുമുളകുപൊടി 2സ്പൂണ്‍ മൈദ 100 ഗ്രാം ഉപ്പ്‌ പാകത്തിന്‌ റെഡ്‌ ചില്ലി കളര്‍ 5 തുള്ളി സവാള അര കിലോപച്ചമുളക്‌ 15 എണ്ണം വെള്ളുത്തുള്ളി 5 അല്ലി ടൊമാറ്റൊ സോസ്‌ 6 സ്പൂണ്‍ എണ്ണ 600 ഗ്രാം

പാകം ചെയ്യേണ്ട വിധം
ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച്‌ ഒഴിച്ച്‌ ഉപ്പും കുരുമുളകും ചേര്‍ത്ത്‌ അടിച്ച്‌ പതയ്ക്കുക. കോണ്‍ഫ്ലവര്‍ അരിഞ്ഞ്‌ അതില്‍ തട്ടി കുഴയ്ക്കുക. കുഴമ്പു പരുവത്തിലാകുമ്പോള്‍ മാവ്‌ ഇലകളില്‍ തേച്ചുപിടിപ്പിയ്ക്കണം. അതിനുശേഷം ചീനച്ചട്ടിയില്‍ കുറച്ച്‌ എണ്ണ ഒഴിച്ച്‌ കോളിഫ്ലവര്‍ ഇട്ട്‌ ചുവപ്പിച്ച്‌ വറുത്തുകോരുക. സവാളയും വെള്ളുത്തുള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞ്‌ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ വഴറ്റുക. നല്ലവണ്ണം ചുവന്നുവരുമ്പോള്‍ കളര്‍ ഒഴിച്ച്‌ ഇളക്കിയ ശേഷം വറുത്തുവച്ചിരിക്കുന്ന കോണ്‍ഫ്ലവര്‍ ഇട്ട്‌ ഇളക്കുക. അതില്‍ റ്റൊമാറ്റൊ സോസും ഉപ്പും ചേര്‍ത്തിളക്കി അല്‍പസമയം കഴിഞ്ഞ്‌ വാങ്ങിവച്ച്‌ ചൂടോടെ ഉപയോഗിക്കം.
(Source: msn.malayalam)

ഓണ്‍ലൈന്‍ മരുന്നുകള്‍

ഇന്‍റര്‍നെറ്റില്‍ എന്തിനും ഉള്ള മരുന്നുണ്ട്‌. രോഗങ്ങള്‍ക്ക്‌ ഇ-ശുശ്രൂഷയും. ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണിലിരുന്ന്‌ ഒരു ഡോക്ടര്‍ നിങ്ങളുടെ രോഗങ്ങള്‍ക്ക്‌ മരുന്നുകള്‍ നിര്‍ദേശിക്കുന്നു. ആശ്വാസ വചനങ്ങള്‍ നല്‍കുന്നു. മാനസിക പ്രതിസന്ധികള്‍ നേരിടുന്നവരാണ്‌ ഇ-ശുശ്രൂഷ തേടി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങ്‌ സൈറ്റുകളിലേക്ക്‌ കുതിക്കുന്നത്‌.
ഓണ്‍ലൈന്‍ മനശാസ്ത്രകേന്ദ്രങ്ങള്‍ പോയ ദശകത്തില്‍ വന്‍ കുതിപ്പാണ്‌ നടത്തിയതെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ രംഗത്തെ നെല്ലും പതിരും തിരിക്കാനാകാതെ കുഴങ്ങുകയാണ്‌ ലോക മനശാസ്ത്രസമൂഹം. ഇ-തെറാപ്പി എന്ന്‌ വിളിപ്പേരുള്ള ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങ്‌ കേന്ദ്രങ്ങള്‍ നെറ്റില്‍ പ്രത്യേക്ഷപ്പെട്ടത്‌ തൊണ്ണൂറുകളിലായിരുന്നു. 1995ല്‍ 12 ഇ-തെറാപ്പി കേന്ദ്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌.
2001 ആയപ്പോഴേക്കും ഇ-തെറാപ്പികേന്ദ്രങ്ങളുടെ എണ്ണം മൂന്നൂറിലേറെയായി. നിലവിലുളള അവസ്ഥ കണക്കെടുക്കാനാകാതെ കുഴങ്ങുകയാണ്‌ മനശാസ്ത്രഞ്ജ സമൂഹമെന്ന്‌ പ്രമുഖ മനശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മായ മെറ്റാനോയിയയുടെ വെബ്സൈറ്റ്‌ പറയുന്നു.
അഞ്ഞൂറോളം ഇ-തെറാപ്പിസ്റ്റുകള്‍ ജോലിയെടുക്കുന്ന മുഴുവന്‍ സമയം ഇ-ക്ലിനിക്കുകള്‍ മൂന്നെണ്ണെമാണ്‌ ഇപ്പോഴുള്ളത്‌. രോഗികളുമായി മുഖാമുഖം കൂടികാഴ്ച നടത്താതെ രോഗത്തെ കുറിച്ച്‌ അവര്‍ എഴുതി അറിയിക്കുന്നത്‌ കൊണ്ട്‌ മാത്രം രോഗം നിര്‍ണയം നടത്തി ചികിത്സ വിധിക്കുന്നതിലെ ആധികാരികത ചോദ്യം ചെയ്യപ്പെടുമ്പോഴും ഈ രംഗത്ത്‌ പുതിയ കേന്ദ്രങ്ങള്‍ വര്‍ദ്ധിക്കുകയാണ്‌.
സ്വാകര്യനൊമ്പരങ്ങള്‍ രഹസ്യമായി മറ്റൊരാളോട്‌ തുറന്ന്‌ പറയാന്‍ നെറ്റ്‌ അവസരമുണ്ടാക്കുന്നു എന്നത്‌ തന്നെയാണ്‌ ഇ-കൗണ്‍സിലിങ്ങുകള്‍ വ്യാപകമാകാന്‍ കാരണം.പുറത്തു പറയാന്‍ കഴിയാത്ത ബന്ധങ്ങള്‍ മൂലം കുഴങ്ങുന്നവരെ രക്ഷിക്കാനാണ്‌ ഈ രംഗത്ത്‌ മനശാസ്ത്രജ്ഞന്മാര്‍ എറെ ശ്രമിക്കുന്നതും.
വിവാഹേതരബന്ധങ്ങളില്‍ എര്‍പ്പെടുന്നവരെ മാനസികമായി തുണക്കാന്‍ അടുത്തിടെ രൂപം കൊണ്ട വെബ്സൈറ്റില്‍ ഇപ്പോള്‍ വന്‍ തിരക്കാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഭര്‍ത്താവ്‌ അറിയാതെ കാമുകനുമായും ഭാര്യ അറിയാതെ കാമുകിയുമായും സ്വൈര്യ ജീവിതം നയിക്കാനുള്ള തന്ത്രങ്ങളാണ്‌ മിക്ക ഉപഭോക്താക്കള്‍ക്കും വേണ്ടത്‌. ‘കഥാര്‍സിസ്‌ ഓണ്‍ലൈന്‍ ഡോട്ട്‌ നെറ്റ്‌’എന്ന സൈറ്റിലൂടെയാണ്‌ അഗമ്യഗമനത്തില്‍ പെട്ടവര്‍ക്ക്‌ കൗണ്‍സിലിങ്ങ്‌ ലഭിക്കുന്നത്‌.
(Source: msn.malayalam)

ബോബി ജിണ്ടാല്‍ ലൂസിയാന ഗവര്‍ണര്‍

ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജനായ ബോബി ജിണ്ടാല്‍ അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു അമേരിക്കന്‍ സംസ്ഥാനത്തെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ജിണ്ടാല്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടാണ് 36 കാരനായ ജിണ്ടാല്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ലൂസിയാനയിലെ തെരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ടു നേടിയാണ് ജിണ്ടാല്‍ വിജയിച്ചത്. അദ്ദേഹത്തിന്‍റെ തൊട്ടടുത്ത എതിരാളി ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വാള്‍ട്ടര്‍ ബോസ്സോയ്‌ക്ക് 18 ശതമാനം വോട്ട് ലഭിച്ചു. ഡമോക്രാറ്റിന്‍റെ നേതൃത്വത്തില്‍ 2003 ല്‍ തന്നെ പരാജയപ്പെടുത്തി അധികാരമേറ്റ ഗവര്‍ണര്‍ കാതലീന്‍ ബ്ലാങ്കോയ്‌ക്ക് പകരമായി ഇനി ജിണ്ടാല്‍ സ്ഥാനമേല്‍ക്കും.
2005ല്‍ കത്രീന കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ദുരിതാ‍ശ്വാസവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട കാത്‌ലീന്‍ രണ്ടാമത് തെരഞ്ഞെടുക്കപ്പെട്ടില്ല. 2003 ല്‍ ബ്ലാങ്കോ ജിണ്ടാലിനെ പരാജയപ്പെടുത്തിയിരുന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദധാരിയാണ് ഇദ്ദേഹം 1870 നു ശേഷം ലൂസിയാനയില്‍ ഗവര്‍ണറാകുന്ന വെള്ളക്കാരനല്ലാത്ത ആദ്യയാളാന് ജിണ്ടാല്‍.
ജിണ്ടാലിന്‍റെ പിതാവും മാതാവും ഇന്ത്യയില്‍ നിന്നും അമേരിക്കയിലെക്ക് കുടിയേറിയാളാണ്. ജിണ്ടാലിന്‍റെ ആദ്യ പേര് പീയൂഷ് എന്നായിരുന്നു. അഴിമതി നിര്‍ത്തലാക്കുമെന്നും നികുതി കുറയ്‌ക്കുമെന്നും വിദ്യാഭ്യാസത്തെ പ്രോത്‌സഹിപ്പിക്കുന്ന പദ്ധതികള്‍ കൊണ്ടുവരും എന്നിവയായിരുന്നു ആദ്ദേഹത്തിന്‍റെ പ്രധാന വാഗ്‌ദാനങ്ങള്‍.
(Source: msn.malayalam)

ബ്രിട്‌നി സ്പീയേഴ്‌സ് തന്നെ താരം

സ്റ്റേജിലായാലും പുറത്തായാലും ബ്രിട്‌നി സ്പീയേഴ്‌സ് തന്നെ താരം. അമേരിക്കയിലും അയര്‍ലണ്ടിലും കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ നെറ്റുമായി ബന്ധപ്പെട്ട് തിരഞ്ഞ പദങ്ങളില്‍ ഒന്ന് ബ്രിട്‌നിയുടെ പേരായായിരുന്നു. അതിനു പിന്നാലെ ഈ ആഴ്ചയും ബ്രിട്‌നിയുമായി ബന്ധപ്പെട്ട വാര്‍ത്ത കൊഴുക്കുകയാണ്. കുടുംബപരമായ പ്രശ്‌നങ്ങളും വിവാദങ്ങളും ഒഴിയാബാധയായി പിന്തുടരുന്ന ബ്രിട്‌നി പുതിയ പ്രശ്‌നത്തിലും പെട്ടു. തന്നെ പൊതിഞ്ഞ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളുടെ പാദത്തില്‍ ബ്രിട്‌നി കാര്‍ കയറ്റുന്ന ദൃശ്യം നെറ്റില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. എന്നിരുന്നാലും ഫോട്ടോഗ്രാഫര്‍ കാലില്‍ ഇട്ടിരുന്ന സോക്സ് മാത്രമേ വാഹനത്തിനടിയില്‍ പെട്ടുള്ളൂ എന്നതിനാല്‍ കാര്യമായ പരുക്കുണ്ടായില്ല.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ബെവര്‍ലി ഹില്‍‌സിനെ മെഡിക്കല്‍ ബില്‍ഡിംഗില്‍ നിന്നും പുറത്തേക്ക് ഡ്രൈവ് ചെയ്‌‌തു പോകുമ്പോഴായിരുന്നു സംഭവം. സെലിബ്രിറ്റി വെബ്സൈറ്റായ റ്റി എം ഇസഡ് ഡോട്ട് കോമിന്‍റെ ഫോട്ടോഗ്രാഫര്‍ക്കായിരുന്നു ദുരന്തം നേരിടേണ്ടി വന്നത്. തന്നെ ചുറ്റിയ ഫോട്ടൊ ഗ്രാഫര്‍മാരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നിടെ ഫോട്ടൊ ഗ്രാഫറുടെ പാദത്തില്‍ വണ്ടി കയറുകയായിരുന്നു. ഹോളീവുഡ് ടി വി ഉടന്‍ തന്നെ ഈ സംഭവത്തിന്‍റെ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്‌‌തു.

തങ്ങള്‍ അയച്ച ഫോട്ടോ ഗ്രാഫറാണെന്ന കാര്യ ടി എം ഇസഡ് ഡോട്ട് കോമും സമ്മതിച്ചു. എന്നാല്‍ പരുക്കു കൂടാതെ രക്ഷപ്പെട്ടതിനാല്‍ ബ്രിട്‌നിക്കെതിരെ നിയമപരമായി നടപടി തേടാനുള്ള നീക്കത്തിനൊന്നും വെബ്സൈറ്റിനു പ്ലാനില്ല. കഴിഞ്ഞിടെ എം ടി വി അവാര്‍ഡ് ദാന ചടങ്ങില്‍ ബ്രിട്ട് നടത്തിയ നൃത്തം നെറ്റിലെങ്ങും ആഘോഷമായിരുന്നു.

(Source: weblokam)

മൂന്നാം മുന്നണി പുനരുജ്ജീവിപ്പിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ആണവകരാറിനെച്ചൊല്ലി കേന്ദ്ര സര്‍ക്കാരും ഇടതുകക്ഷികളും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെ മൂന്നാം മുന്നണിക്ക് വീണ്ടും ജീവന്‍ നല്‍കാന്‍ സി പി എം ശ്രമം ആരംഭിച്ചു. ആണവകരാറിനോടുള്ള തങ്ങളുടെ നിലപാടിന് മൂന്നാം മുന്നണിയില്‍ നിന്നും കഴിയുന്നത്ര പിന്തുണ സമാഹരിക്കുകയാണ് സി പി എമ്മിന്‍റെ ലക്‌ഷ്യം. ഇതിന്‍റെ ഭാഗമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗുമായി സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചൊവ്വാഴ്ച ചര്‍ച്ച നടത്തി.അമര്‍സിംഗിന്‍റെ ഡല്‍ഹിയിലുള്ള വസതിയില്‍ നടന്ന കൂടികാഴ്ചയില്‍ സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്‍റ് മുലായം സിംഗ് യാദവും തെലുങ്കുദേശം പ്രസിഡന്‍റ് ചന്ദ്രബാബു നായിഡുവും പങ്കെടുത്തു.
ആണവകരാര്‍ പ്രശ്നത്തില്‍ ഇടതു നയങ്ങളെ പിന്തുണച്ചിരുന്ന യു പി എ ഘടക കക്ഷികളായ എന്‍ സി പിയും ആര്‍ ജെ ഡിയും മലക്കം മറിഞ്ഞ സാഹചര്യത്തിലാണ് പുതിയ നീക്കം. യു എന്‍ പി എ എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന പഴയ മൂന്നാം മുന്നണിയിലെ പ്രമുഖ നേതാക്കളുമായി വരും നാളുകളില്‍ സി പി എം നേതൃത്വം കൂടുതല്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.
(Source: Yahoo.Malayalam)

Ammakkilikoodu


Thursday, August 9, 2007

Tomorrow’s Citizen

(Source : Keralakaumudi, 9th August, 2007)




Tuesday, June 19, 2007

പുതിയ ടെര്‍മിനല്‍ ഡിസംബറില്‍: വിഎസ്

ചൊവ്വ, 19 ജൂണ്‍ 2007
തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്‍റെ പണി അടുത്തവര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു. പുതിയ ടെര്‍മിനലിന്‍റെ ബോര്‍ഡിംഗ്, ഡിപ്പാര്‍ച്ചര്‍ ഭാഗങ്ങളില്‍ ഒരേസമയം 500 വീതം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. കൂടാതെ എട്ട് ഫ്ലൈറ്റുകള്‍ക്ക് പാര്‍ക്കിംഗ് സൌകര്യമുണ്ട്.

എയര്‍ക്രാഫ്റ്റുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നിര്‍ദ്ദിഷ്ട ഹാങ്കര്‍ യൂണിറ്റിനുള്ള സ്ഥലം ബന്ധപ്പെട്ട അധികൃതര്‍ക്ക് ഉടന്‍ കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി 2000 ഏക്കര്‍ ഭൂമി ത്വരിതഗതിയില്‍ ഏറ്റെടുക്കുന്നതിന് തിരുമാനമെടുത്തു കഴിഞ്ഞു. എയര്‍പോര്‍ട്ടിനോട് ചേര്‍ന്നുള്ള 10 ഏക്കര്‍ സ്ഥലം നേവല്‍ കേന്ദ്രം സ്ഥാപിക്കുന്നതിന് പ്രതിരോധ വകുപ്പിന് പാട്ടത്തിന് നല്‍കുമെന്നും വി എസ് പറഞ്ഞു.


(Source:yahoo.malayalam)

സേതു സമുദ്രം: മണ്ണെടുപ്പ്‌ 2008ല്‍ പൂര്‍ത്തിയാകും

തിങ്കള്‍, 18 ജൂണ്‍ 2007
സേതുസമുദ്രം പദ്ധതിയോട് അനുബന്ധിച്ചുള്ള കപ്പല്‍ച്ചാല്‍ നിര്‍മ്മാണത്തിന് വേണ്ടിയുള്ള മണ്ണെടുപ്പ്‌ 2008 ഡിസംബറോടെ പൂര്‍ത്തീകരിക്കാനാവുമെന്ന്‌ കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി ടി ആര്‍ ബാലു പറഞ്ഞു.
പല്ലടയില്‍ ദേശീയപാതാ വികസന നടപടികള്‍ വിലയിരുത്താനെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ടെന്‍ഡര്‍ നടപടികളിലെ കാലതാമസവും രാഷ്‌ട്രീയ ഇടപെടല്‍ ശ്രമങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിര്‍ത്ത് ഹൈന്ദവ സംഘടനകളും ബി ജെ പിയും രംഗത്തെത്തിയിരുന്നു.
(Source:yahoo.malayalam)

യുഎന്‍ അംഗത്വം: ഇന്ത്യയ്ക്ക് ബ്രിട്ടന്‍റെ പിന്തുണ

ചൊവ്വ, 19 ജൂണ്‍ 2007
ഐക്യരാഷ്‌ട്ര സഭ സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ബ്രിട്ടന്‍ പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യക്ക് ക്രിയാത്മക കടമ നിര്‍വഹിക്കാനുണ്ടെന്നും ഐക്യരാഷ്‌ട്ര സഭയില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും വിദേശകാര്യ സഹമന്ത്രി കിം ഹോവല്‍‌സ് വ്യക്തമാക്കി.
ഇന്ത്യയുടെ സ്വാതന്ത്രത്തിന്‍റെ അറുപതാം വാര്‍ഷികാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരസ്പര വിശ്വാസത്തിലും സഹകരണത്തിലും അധിഷ്ഠിതമായ ഒരു ബന്ധമാണ് കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി ഇന്ത്യയും ബ്രിട്ടനും തുടര്‍ന്നു വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ രംഗത്തുമുള്ള ബ്രിട്ടന്‍റെ പുരോഗതിക്ക് ഇന്ത്യക്കാര്‍ നല്‍കിയിട്ടുള്ള സംഭാവന വിലമതിക്കാന്‍ കഴിയാത്തതാണ്. ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ഇരു രാഷ്‌ട്രങ്ങളെയും തമ്മില്‍ ബന്ധത്തെ അനുദിനം ദൃഢപ്പെടുത്തുകയാണെന്നും കിം ഹോവല്‍‌സ് പറഞ്ഞു.
(Source:yahoo.malayalam)

സിനിമാ നിര്‍മാണം സ്തംഭിച്ചു

ചൊവ്വ, 19 ജൂണ്‍ 2007
നിര്‍മാതാക്കളും സാങ്കേതിക വിദഗ്ധരും തമ്മിലുണ്ടായ ഭിന്നതകള്‍ ശക്തമായതോടെ സംസ്ഥാനത്തെ സിനിമാ നിര്‍മാണ മേഖലയില്‍ സതംഭനാവസ്ഥ. എട്ട് സിനിമകളുടെ നിര്‍മാണമാണ് ഇതേ തുടര്‍ന്ന് നിര്‍ത്തിവച്ചിട്ടുള്ളത്. അഞ്ച് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നിര്‍ത്തിവച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരുടെ സംഘടനയായ മാക്‌ടയുടെ അധ്യക്ഷനായ സംവിധായകന്‍ വിനയന്‍ നടത്തിയ പരസ്യ പ്രസ്താവനയാണ് നിലവില്‍ ഭിന്നത് രൂക്ഷമാക്കിയിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ മാക്‌ടയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നും നിര്‍മാതാക്കളുടെ സംഘടന തിങ്കളാഴ്ച പിന്‍‌വാങ്ങിയിരുന്നു. ധാരണകള്‍ കാറ്റില്‍ പറത്തി വിനയന്‍ പരസ്യ പ്രസ്താവന നടത്തി എന്നാരോപിച്ചായിരുന്നു ഈ പിന്‍‌മാറ്റം. പരസ്യ പ്രസ്താവന പിന്‍‌വലിച്ച് വിനയന്‍ മാപ്പ് പറയണമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ ഇപ്പോഴത്തെ ആവശ്യം.

ഷാജി കൈലാസിന്‍റെ അലിഭായ്, ജോഷിയുടെ നസ്രാണി, ലോഹിതദാസിന്‍റെ നിവേദ്യം, ഷാഫിയുടെ ചോക്ലേറ്റ്, സമദ് മങ്കടയുടെ കിച്ചാമണി എം ബി എ, വേണു നാഗവള്ളിയുടെ സുഹൃത്ത്, വിനു ആനന്ദിന്‍റെ ഹാര്‍ട്ട് ബീറ്റ്സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാണമാണ് നിര്‍ത്തിവച്ചിരിക്കുന്നത്.
(Source:yahoo.malayalam)

എക്കിള്‍ ശല്യമാവുമ്പോള്‍

ചില സമയം എക്കിള്‍ എന്ന വില്ലന്‍ എല്ലാ സ്വസ്ഥതയും നശിപ്പിച്ചേക്കാം. വെള്ളം കുടിച്ചാലും ശമിക്കാത്ത ഈ കൊച്ചു വില്ലനെ നശിപ്പിക്കാന്‍ ചില വഴികളുണ്ട്.വായില്‍ പഞ്ചസാര ഇട്ട് ഒന്നോ രണ്ടോ മിനിറ്റുകൊണ്ട് കുറേശ്ശെ അലിയിച്ചിറക്കുക, എക്കിള്‍ പമ്പ കടക്കും. അതല്ല, വായില്‍ നിറയെ വെള്ളം എടുത്ത ശേഷം വിരല്‍ കൊണ്ട് മൂക്ക് അടച്ച് പിടിച്ച് ഒരുമിനിറ്റ് ഇരുന്നാലും എക്കിള്‍ ഇല്ലാതാവും.ജീരകം, ചന്ദനം എന്നിവ ഓരോ കഴഞ്ച് വീതം അരച്ചെടുത്ത് വെണ്ണയില്‍ കഴിക്കുക. അല്ലെങ്കില്‍, കൂവള വേരിന്‍റെ മുകള്‍ ഭാഗത്തെ തൊലി മോരില്‍ സേവിക്കുന്നതും മാവിന്‍റെ ഇല കത്തിച്ച് പുക ശ്വസിക്കുന്നതും എക്കിളിനെ ഇല്ലാതാക്കും.ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ചേര്‍ത്ത് കഴിക്കുന്നതും ചുക്ക് തേനില്‍ പൊടിച്ചു ചേര്‍ത്ത് കാല്‍ പണത്തൂക്കം അവില്‍ ചേര്‍ത്ത് അരച്ച് സേവിക്കുന്നതും എക്കിള്‍ ശമിപ്പിക്കാന്‍ നല്ലതാണ്. പച്ചക്കര്‍പ്പൂരം പാലില്‍ നസ്യം ചെയ്യുന്നതും മുക്കൂറ്റി അരച്ച് വെണ്ണയില്‍ സേവിക്കുന്നതും എക്കിളിനെ ഇല്ലാതാക്കും.
(Source: yahoo.malayalam)

അമിതവണ്ണം കുറയ്ക്കാന്‍

അമിതവണ്ണം പലരുടെയും ഉറക്കം കെടുത്തുന്ന ഒരു സംഗതിയാണ്. മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കൊപ്പം സ്വയം അപഹര്‍ഷതാ ബോധവും ഉണ്ടായി തുടങ്ങുന്നതോടെ തടി എങ്ങിനെ കുറയ്ക്കാം എന്നതിനെക്കുറിച്ചാകും പലരുടെയും ചിന്ത. ഇത് മുതലെടുക്കാനായി തട്ടിപ്പുകളുമായി പലരും രംഗത്തെത്താറുണ്ട്. പരസ്യങ്ങളിലൂടെയും മറ്റും ജനങ്ങളെ ആകര്‍ഷിച്ച് അമിതവണ്ണത്തിന് പരിഹാരം വാക്കുനല്‍കുന്നവര്‍ ഒരിക്കലും വിജയിക്കാറില്ലെന്നതാണ് പരമാര്‍ഥം. ഇത്തരം വാഗ്ദാനങ്ങളില്‍ കുടുങ്ങുന്നവര്‍ക്ക് പണം നഷ്‌ടമാകുകയാണ് പതിവ്.ലളിതമായ ചില മാര്‍ഗങ്ങളിലൂടെ തന്നെ അമിതവണ്ണം കുറയ്ക്കാനാകും.
പരമാവധി നടക്കുകയാണ് തടി ചുരുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. നടത്തത്തോളം നല്ലൊരു വ്യായാമം ഇല്ല. മധുര പലഹാരങ്ങള്‍, വറുത്ത പലഹാരങ്ങള്‍ എന്നിവ തടി വര്‍ധിപ്പിക്കാനിടയുള്ളതിനാല്‍ ഇവ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കണം. ഉച്ച ഉറക്കവും നന്നല്ല. അഹാരങ്ങള്‍ സമയമെടുത്ത് ചവച്ചരച്ച് കഴിക്കാന്‍ ശീലിക്കുക. ആഹാരത്തിന് കൃത്യമായി സമയം നിശ്ചയിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നല്ലത്. അസമയങ്ങളിലുള്ള ഭക്ഷണം പൂര്‍ണമായും ഒഴിവാക്കണം. മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, ഇറച്ചി എന്നിവ കഴിക്കാതിരിക്കുന്നത് തടി ഒഴിവാക്കാന്‍ സഹായിക്കും.

(Source: yahoo.malayalam)

Saturday, June 16, 2007

''Face of reality''

(Source: Keralakaumudi, 16th June, 2007)

''all the best'


(Source: keralakaumudi, 16th June, 2007)

Tuesday, June 12, 2007

It was all ''Tharikida......''

(Source: Keralakaumudi, 12th June, 2007)

ഭാര്‍തിക്കും റിലയന്‍സിനും തിരിച്ചടി


ചൊവ്വ, 12 ജൂണ്‍ 2007
മധ്യേഷ്യയിലെ ടെലികോം വിപണി സ്വന്തമാക്കാനായി ഭാര്‍തിയും റിലയന്‍സും ചേര്‍ന്ന് നടത്തിയ നീക്കം പാളി. സംവാത് ഭാര്‍തി - അല്‍ റാജി റിലയന്‍സ് കണ്‍സോര്‍ഷ്യത്തെ പിന്‍‌തള്ളി കുവൈറ്റ് ടെലികോം കമ്പനി(എം ടി സി) സൌദി അറേബ്യയിലെ മൂന്നാമത്തെ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് ലൈസന്‍സ് സ്വന്തമാക്കിയതോടെയാണിത്. 22.91 ബില്യണ്‍ സൌദി റിയാല്‍ നല്‍കിയാണ് എം ടി സി ലൈസന്‍സ് സ്വന്തമാക്കിയത്. ഭാര്‍തി 17.25 ബില്യണും റിലയന്‍സ് 11.25 ബില്യണ്‍ സൌദി റിയാലുമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.

എം ടി സിയുടെ വാഗ്ദാനം തിങ്കളാഴ്ച സൌദി രാജകുമാരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചതോടെ എം ടി സി സൌദി മൊബൈല്‍ ടെലികോം കമ്പനി(എസ് എം ടി സി) എന്ന സബ്സീഡിയറി കമ്പനിക്ക് രൂപം നല്‍കി.
(source: yahoo malayalam)

പനിമരണം വീണ്ടും; സൈന്യം സജീവം


തിങ്കള്‍, 11 ജൂണ്‍ 2007
പകര്‍ച്ചപ്പനി സംസ്ഥാനത്ത് മരണതാണ്ഡവം തുടരുകയാണ്. തിങ്കളാഴ്ച രണ്ടു പേര്‍കൂടി പനി മൂലം മരണമടഞ്ഞു. കൊല്ലത്തും പാലക്കാടുമാണ് മരണങ്ങള്‍ സംഭവിച്ചത്. കഴിഞ്ഞ ദിവസം 16 പേര്‍ മരിച്ചിരുന്നു. പനി ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സൈന്യം രംഗത്തുണ്ട്.കൊതുകുനിവാരണമാണ് സൈന്യം ആദ്യം ചെയ്യുന്നത്. ഇതിനായി ആധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. കരസേനയുടെയും നാവികസേനയുടെയും അംഗങ്ങള്‍ സജീവമായി രംഗത്തുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ ഒരു സംഘവും ചികിത്സാനടപടികളുമായി പനിബാധിത പ്രദേശങ്ങളില്‍ എത്തിയിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ സൈന്യം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കരസേനയുടെയും നാവിക സേനയുടെയും ഡോക്‌ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുകളും ക്യാമ്പുകളിലുണ്ട്.
(Source:yahoo malayalam)

സ്റ്റീവന്‍ സ്പില്‍ബര്‍ഗും പീറ്റര്‍ ജാക്സണും ഒന്നിക്കുന്നു


ഹോളിവുഡ് സിനിമാലോകത്തെ രണ്ട് അതികായര്‍ ഒന്നിക്കുന്നു. സൂപ്പര്‍ സംവിധായകരായ സ്റ്റീവന്‍ സ്പില്‍ബര്‍ഗും പീറ്റര്‍ ജാക്സണുമാണ് ഒരു സിനിമയ്ക്കു വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത്. സിനിമ എന്നു പറഞ്ഞാല്‍ സാധാരണ സിനിമയല്ല, ഒരു അനിമേഷന്‍ സിനിമ. ലോകപ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രം ‘ജൂനിയര്‍ റിപ്പോര്‍ട്ടര്‍‘ ടിന്‍‌ടിന്‍ ഇനി സിനിമാരൂപം പ്രാപിക്കുകയാണ്. സ്പില്‍ബര്‍ഗും പീറ്റര്‍ ജാക്സണും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്നു. പീറ്റര്‍ ജാക്സന്‍റെ സ്പെഷ്യല്‍ ഇഫക്ട് ടീമായ വെറ്റാ ഡിജിറ്റലാണ് ടിന്‍‌ടിന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ടിന്‍‌ടിന്‍ തിയേറ്ററുകളിലെത്തിക്കാനാണ് സ്പില്‍ബര്‍ഗിന്‍റെയും പീറ്റര്‍ ജാക്സന്‍റെയും പരിപാടി.ജുറാസിക് പാര്‍ക്ക്, ഇ ടി, സ്പീഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ സംവിധായകനാണ് സ്പില്‍ബര്‍ഗ്. പീറ്റര്‍ജാക്സണ്‍ സംവിധാനം ചെയ്ത കിംഗ് കോംഗ്, ലോര്‍ഡ് ഓഫ് ദി റിംഗ്സ് തുടങ്ങിയ ചിത്രങ്ങള്‍ ഹോളിവുഡിലെ അത്ഭുതങ്ങളാണ്.
(Source: yahoo malayalam)

Wednesday, June 6, 2007

പരാതി പരിശോധിക്കാന്‍ ഉപസമിതി


ബുധന്‍, 6 ജൂണ്‍ 2007
മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സി പി ഐ ഉന്നയിച്ച പരാതികള്‍ സംബന്ധിച്ച് പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണി നേതൃയോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.


മൂന്നാറില്‍ തങ്ങളുടെ ഓഫീസ് പൊളിച്ചതിനെ സി പി ഐ നേതാക്കള്‍ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. എന്നാല്‍ നിയമ വിരുദ്ധമായ ഒരു നടപടിയും മൂന്നാറില്‍ ഉണ്ടായിട്ടില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉറച്ചു നിന്നു. ഏറെ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് സി പി ഐയുടെ പരാതി പരിശോധിക്കാന്‍ ഉപസമിതിയെ നിയോഗിക്കാന്‍ തീരുമാനമായത്.

മുന്നണി കണ്‍‌വീനര്‍ വൈക്കം വിശ്വന്‍റെ അധ്യക്ഷതയിലുള്ള സമിതിയിലെ മറ്റംഗങ്ങള്‍ സി പി ഐ അസിസ്റ്റന്‍ഡ് സെക്രട്ടറി കെ ഇ ഇസ്മയില്‍, കെ കൃഷ്ണന്‍‌കുട്ടി, പി ജെ ജോസഫ്, കെ പങ്കജാക്ഷന്‍ എന്നിവരാണ്.

കയ്യേറ്റത്തിനെതിരെയുള്ള നടപടികള്‍ തുടരാന്‍ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച പരാതികള്‍ മുന്നണി പരിശോധിക്കും.
(source:yahoo.malayalam)

15 മുതല്‍ മോട്ടോര്‍ പണിമുടക്ക്


ബുധന്‍, 6 ജൂണ്‍ 2007
സംസ്ഥാനത്ത് 15 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത സമരസമിതി തീരുമാനിച്ചു. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പാലക്കാട് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഓഫീസില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.


മോട്ടോര്‍ നയം പ്രഖ്യാപിക്കുക, യൂസേഴ്സ് ഫീ സമ്പ്രദായം അവസാനിപ്പിക്കുക, ഡിജിറ്റല്‍ മീറ്റര്‍ സ്ഥാപിക്കുന്നത് പിന്‍വലിക്കുക, മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
(Source:yahoo.malayalam)

ഭൂമി വിവാദം: അമിതാഭ് നിയമനടപടിക്ക്


ചൊവ്വ, 5 ജൂണ്‍ 2007
കൃഷിഭൂമി അന്യായമായി കരസ്ഥമാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഫൈസാബാദ് കോടതി വിധിക്കെതിരെ അമിതാഭ് ബച്ചന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ലക്നോ ബഞ്ചില്‍ ഫയല്‍ ചെയ്ത പരാതിയിന്‍‌മേല്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. തന്‍റെ പേരിലുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള ഫൈസാബാദ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് അമിതാഭ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

ഫൈസാബാദ് അഡീഷണല്‍ കമ്മീഷണര്‍ ഏകപക്ഷീയമാണ് തീരുമാനം കൈക്കൊണ്ടതെന്നും അമിതാഭിന് വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമാന്യ നീതി പോലും ബച്ചന് നിഷേധിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഗൌരവ് ഭാട്ടിയ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ കാര്‍ഷിക ആവശ്യത്തിനായുള്ള ഭൂമി സ്വന്തമാക്കണമെങ്കില്‍ കര്‍ഷകനാണെന്ന് തെളിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ബച്ചന്‍റെ സുഹൃത്തായ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് മുഖ്യമന്ത്രിയായിരിക്കെ വ്യവസ്ഥകള്‍ ലംഘിച്ച് ഭൂമി നല്‍കുകയായിരുന്നു എന്നാണ് ആരോപണം.

ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ക്കുള്ള ഭൂമി സ്വന്തമായുള്ളതിന്‍റെ രേഖകള്‍ കാട്ടി മഹാരാഷ്ട്രയിലെ ലോണാവാലയിലും ബച്ചന്‍ കുടുംബം ഭൂമി സ്വന്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
(Source:yahoo.malayalam)

ഓണ്‍ലൈനില്‍ പണം തട്ടിപ്പ്


ബാങ്ക് ഇടപാടുകള്‍ ഇന്‍റര്‍നെറ്റിലൂടെ നടത്തുന്നവര്‍ കരുതി ഇരിക്കുക. നിങ്ങള്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഫിഷിം‌ഗ് എന്ന തന്ത്രം വഴി ഇമെയില്‍ ഉപയോഗിച്ച് വിവിധ ഉപയോക്താക്കളുടെ അക്കൌണ്ടുകളില്‍ നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ ആറ് ബില്യണ്‍ ഡോളര്‍ കവര്‍ന്നതായാണ് കണക്കുകള്‍.

കഴിഞ്ഞ ഒക്‌ടോബറില്‍ ഡല്‍ഹി സ്വദേശിയായ സുഖ്‌വീന്ദറിന്‍റെ അക്കൌണ്ടില്‍ നിന്നും നഷ്‌ടമായത് 41,000 രൂപയാണ്. ബാങ്കില്‍ നിന്നും വന്ന ഒരു ഇമെയില്‍ പ്രകാരം തന്‍റെ ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും നല്‍കിയതാണ് സുഖ്‌വീന്ദറിന് വിനയായത്. പോലീസ് നടത്തിയ അന്വേഷണങ്ങളില്‍ ബാങ്കിന്‍റെ പേരില്‍ വന്ന ഇമെയില്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

യൂടിഐ ബാങ്കിന്‍റെ 30 ഉപഭോക്താക്കളില്‍ നിന്നും 20 ലക്ഷം രൂപ കവര്‍ന്ന നാല് നൈജീരിയന്‍ സ്വദേശികളെ ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്തത് അടുത്ത കാലത്താണ്. 2006 ല്‍ ഇത്തരത്തിലുള്ള 200 തട്ടിപ്പു കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായിട്ടാണ് സര്‍ക്കാര്‍ കണക്കുകള്‍.

(Souce:yahoo.malayalam)

മുകേഷ് വീണ്ടും ഡ്രൈവിംഗ്‌സീറ്റില്‍


മലയാള സിനിമയുടെ ഡ്രൈവിംഗ് സീറ്റില്‍ വീണ്ടും മുകേഷ്. ഹിറ്റ് ഫോര്‍മുല എന്ന് സിനിമക്കാര്‍ വിശ്വസിക്കുന്ന ചട്ടക്കൂടുകളില്‍ ഇന്ന് ഒന്നാമതാണ് മുകേഷിന്‍റെ സ്ഥാനം. മുകേഷിനെ ഉള്‍പ്പെടുത്തിയാല്‍ സിനിമ ഹിറ്റാകും എന്നൊരു പ്രചാരണം വ്യാപകമായിരിക്കുന്നു. ഫലമോ? സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ ഉള്‍പ്പടെ മുകേഷിന്‍റെ സാന്നിധ്യമുറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ് നിര്‍മ്മാതാക്കള്‍.

വിനോദയാത്രയുടെ വന്‍ വിജയമാണ് മുകേഷിന് വീണ്ടും മാര്‍ക്കറ്റുണ്ടാക്കിയിരിക്കുന്നത്. അഭിനയ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ മുകേഷ് തന്‍റെ ഏറ്റവും മികച്ച കരിയര്‍ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. കോമഡിക്കൊപ്പം അഭിനയപ്രാധാന്യമുള്ള നല്ല വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തുന്നു.

വിനോദയാത്രയില്‍ മുകേഷിനെ ഉള്‍പ്പെടുത്തിയത് സത്യന്‍ അന്തിക്കാടിന്‍റെ ഏറ്റവും പുതിയ വിപണന തന്ത്രമാണ്. മുകേഷ് - ദിലീപ് രസതന്ത്രമാണ് ആ ചിത്രത്തിന്‍റെ വിജയത്തെ ഏറ്റവും അധികം സഹായിച്ചതും. ആദ്യപകുതിയില്‍ ദിലീപിനെക്കാള്‍ പ്രാധാന്യം മുകേഷിനാണെന്നത് ശ്രദ്ധിക്കുക.

കൈയ്യൊപ്പ്, കാക്കി തുടങ്ങിയ ചിത്രങ്ങളില്‍ മുകേഷിന്‍റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൈയ്യൊപ്പിലെ കിളിപ്പാട്ട് ശിവദാസന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ്.

ഒരു ഇടവേളയ്ക്ക് ശേഷം വേണു നാഗവള്ളി സംവിധാനം ചെയ്യുന്ന സുഹൃത്ത് എന്ന ചിത്രത്തിലെ നായകന്‍ മുകേഷാണ്. മാത്രമല്ല, വിശ്വോത്തര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘മൂന്നു പെണ്ണുങ്ങളി’ലും പ്രധാന കഥാപാത്രം മുകേഷ് തന്നെ.

ഗോഡ്ഫാദറും, റാം‌ജിറാവുവും, ഹരിഹര്‍ നഗറുമൊക്കെ തകര്‍ത്തുവാരിയ ആ പഴയകാലം പുന:സൃഷ്‌ടിക്കാനൊരുങ്ങുകയാണ് മുകേഷ്.
(Source: yahoo.malayalam)

Monday, May 21, 2007

ലോകബാങ്ക് തലപ്പത്തേക്ക് ബ്ലെയറും


ഞായര്‍, 20 മെയ് 2007
ബ്രിട്ടീഷ് പ്രസിഡന്‍റ് പദം ഒഴിയുന്ന ടോണി ബ്ലെയറിനെ കാത്തിരിക്കുന്നത് പുതിയ നിയോഗമോ? അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും സത്യമാവുകയാണെങ്കില്‍ ലോകബാങ്കിന്‍റെ സാരഥ്യം എത്തുന്നത് ഇനി ബ്ലെയറിന്‍റെ കൈകളില്‍ ആയിരിക്കാം. ലോകബാങ്ക് പ്രസിഡന്‍റ് പദവിക്കുവേണ്ട അടിസ്ഥാന യോഗ്യത അമേരിക്കന്‍ താല്പര്യമാണെന്നതിനാല്‍ ബ്ലെയറിന് നറുക്ക് വീഴാന്‍ സാധ്യതയുള്ളതായി അഭ്യൂഹങ്ങള്‍ പരന്നുകഴിഞ്ഞു.കാമുകിയുടെ വിവാദ സ്ഥാനക്കയറ്റത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടമാകുന്ന നിലവിലെ പ്രസിഡന്‍റ് പോള്‍ വോള്‍ഫോവിച്ചിന്‍റെ പിന്‍‌ഗാമിയെ കണ്ടെത്താന്‍ ബുഷ് ഭരണകൂടം ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഈ മാസം 30ന് വോള്‍ഫോവിച്ച് സ്ഥാനം ഒഴിയും. ബ്ലെയറിന്‍റെ പേരും പരിഗണനയിലുള്ളതായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോ സ്റ്റിഗ്ലിറ്റ്സ് പറയുന്നു.
(ഉറവിടം - വെബ്‌ദുനിയ)

Wednesday, May 16, 2007

പുതിയ ഹാന്‍‌ഡ് സെറ്റുകളുമായി നോക്കിയ



മൊബൈല്‍ വിപണന രംഗത്ത് എതിരാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ വിലകുറഞ്ഞ ആധുനിക ഫോണുകളുമായി പ്രമുഖ കമ്പനിയായ നോക്കിയ രംഗത്ത്. ഇന്ത്യന്‍ മൊബൈല്‍ വിപണന രംഗത്ത് നിര്‍ണായക സ്വാധീനമുള്ള നോക്കിയയുടെ പുതിയ ഇനങ്ങളായ നോക്കിയ 2630 ലും നോക്കിയ 2670 ലും ബ്ലൂടൂത്ത്, ജി പി ആര്‍ എസ്, വി ജി എ കാമറ, എഫ് എം, എം പി -3 എന്നീ സവിശേഷതകളെല്ലാം ലഭ്യമാണ്. പരമാവധി 5000 രൂപയാണ് ഈ ഹാന്‍ഡ് സെറ്റുകളുടെ വില. നോക്കിയ 2630 ല്‍ വീഡിയോ റെക്കോര്‍ഡിംഗ് സൌകര്യം കൂടി ലഭ്യമാകും. ഫ്ലാഷ് ലൈറ്റും കളര്‍ സ്ക്രീനുമുള്ള നോക്കിയ 1200, നോക്കിയ 1208 എന്നിവയാണ് മറ്റ് രണ്ട് പുതിയ മോഡലുകള്‍. 3000 രൂപയാണ് ഈ ഫോണുകളുടെ വില.



(ഉറവിടം - വെബ്‌ദുനിയ)

പ്രേക്ഷകര്‍ക്കൊരു വിനോദയാത്ര


ഉത്സവകാലത്ത് ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്ന മലയാള പ്രേക്ഷകര്‍ ആദ്യം തിരയുന്ന ഒരു കാര്യമുണ്ട്. പുതിയ ചിത്രങ്ങളുടെ സംവിധായകരില്‍ ‘സത്യന്‍ അന്തിക്കാട്’ എന്ന പേരുണ്ടോ എന്ന്. ആ പേര് ഒരു ഗ്യാരണ്ടിയാണ്. വിനോദയാത്ര എന്ന സത്യന്‍ ചിത്രവും പ്രേക്ഷകരെ രസിപ്പിക്കുന്നു. സത്യന്‍ തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച രണ്ടാമത്തെ ചിത്രമാണ് വിനോദയാത്ര.‘വിനോദയാത്ര’ എന്നാല്‍ വിനോദിന്‍റെ യാത്ര.

ദിലീപ് അവതരിപ്പിക്കുന്ന വിനോദ് എന്ന നായക കഥാപാത്രം ഉത്തരവാദിത്ത ബോധമില്ലാത്ത തന്‍റെ ജീവിതത്തില്‍ നിന്നും പക്വതയുള്ള ഒരു യുവാവിലേക്ക് നടത്തുന്ന യാത്രയാണിത്. അവന്‍റെ ജീവിതത്തിന് താങ്ങാകുന്ന കുറെ കഥാപാത്രങ്ങള്‍. ദിലീപിന് നായികയാവുന്നത് മീര ജാസ്മിനാണ്. മീരയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ അനുപമ.സത്യന്‍ അന്തിക്കാടിന്‍റെ മിക്ക ചിത്രങ്ങളിലെയും എന്ന പോലെ വിനോദയാത്രയിലെ നായകനും അഭ്യസ്തവിദ്യനായ തൊഴില്‍ രഹിതനാണ്. വൈറ്റ്കോളര്‍ ജോലി ഇല്ലെങ്കില്‍ മറ്റൊരു ജോലിയും വേണ്ട എന്ന സ്വഭാവം. ‘ആത്മാഭിമാനമുള്ളവര്‍ക്ക് അവിടെ ജോലി ചെയ്യാനാവില്ല’ എന്നാ‍ണ് ഗള്‍ഫിലെ ജോലി വേണ്ടെന്നു വയ്ക്കുന്നതിന് കാരണമായി വിനോദ് പറയുന്നത്. വിനോദിന്‍റെ ഈ സ്വഭാവം മാറ്റിയെടുക്കാനായാണ് അച്ഛന്‍ അവനെ മൂത്ത മകളുടെയും ഭര്‍ത്താവിന്‍റെയും അടുക്കലേക്ക് അയയ്‌ക്കുന്നത്.പുലിയെ പിടിക്കാന്‍ വന്നവന്‍ പുലിയെക്കാള്‍ വലിയ ശല്യമായി മാറിയെന്ന് പറയുന്ന പോലെ വിനോദ് അളിയനായ ഷാജി രാഘവന് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്‌ടിക്കുകയാണ്.

മുകേഷാണ് ഷാജി എന്ന കഥാപാത്രമാകുന്നത്. മുകേഷിന്‍റെ ഭാര്യയായി സീതയും. മുകേഷിന്‍റെ സഹോദരിയായി പാര്‍വതി(നോട്ടുബുക്ക് ഫെയിം) അഭിനയിക്കുന്നു.നായികയായ അനുപമയെ വിനോദ് കണ്ടുമുട്ടുന്നത് യാദൃശ്ചികമായാണ്. റയില്‍‌വേസ്റ്റേഷനില്‍ തുടങ്ങുന്ന അവരുടെ സീക്വന്‍സുകള്‍ മനോഹരമായാണ് സത്യന്‍ ചിത്രീകരിച്ചിരിക്കുന്നത്. അനുപമ വിനോദിനെ ജീവിതം എന്തെന്ന് പഠിപ്പിക്കുന്നു. പാകം വന്ന തിരക്കഥയാണ് ഈ സിനിമയുടേത്. മുഹൂര്‍ത്തങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ സത്യന്‍ വിജയിച്ചിരിക്കുന്നു.എസ് കുമാറാണ് വിനോദയാത്രയുടെ ക്യാമറ. ലാളിത്യമുള്ള ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഇളയരാജയാണ്.എല്ലാ ഗുണങ്ങളുമുണ്ടെങ്കിലും ഒരു കുറവ് വിനോദയാത്രയുടെ തിളക്കത്തിന് മാറ്റുകുറച്ചു. അന്തിക്കാട് ചിത്രങ്ങളില്‍ സ്ഥിര സാന്നിധ്യമായിരുന്ന ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍ എന്ന മഹാനടന്‍റെ അഭാവം.

ജി സര്‍ക്കാര്‍
(ഉറവിടം - വെബ്‌ദുനിയ)

വ്യായാമം ശാസ്ത്രീയമായി


വ്യായാമം ചെയ്യാതിരിക്കുന്നതു പോലെ തന്നെ അപകടകരമാണ്‌ അശാസ്ത്രീയമായ രീതിയില്‍ വ്യായാമം ചെയ്യുന്നതും. ഓരോരുത്തരും അവനവനിണങ്ങുന്ന വ്യായാമ രീതി തെരഞ്ഞടുക്കുന്നതാണ് ഉചിതം.അസുഖങ്ങളെ പ്രതിരോധിക്കാനും ആരോഗ്യം നിലനിര്‍ത്താനുമെല്ലാമാണ്‌ പലരും വ്യായാമം ചെയ്യുന്നത്‌. തടി കുറയ്ക്കാനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും വ്യായാമം ചെയ്യുന്നവരുമുണ്ട്‌. പലരും തികച്ചും അനാരോഗ്യകരമായാണ്‌ വ്യായാമം ചെയ്യുന്നത്‌. ഇതേപ്പറ്റി ഇവര്‍ അല്‍പം പോലും ബോധവാന്മാരല്ലയെന്നതാണ്‌ യാഥാര്‍ത്ഥ്യം.പെട്ടെന്നൊരു ദിവസം കഠിന വ്യായാമം ആരംഭിക്കുന്നത് തെറ്റാണ്‌. ആദ്യ ദിവസങ്ങളില്‍ കുറച്ചു സമയം മാത്രം ചെയ്ത്‌ ക്രമേണ വ്യായാമ സമയം വര്‍ദ്ധിപ്പിക്കുന്നതാണ്‌ ഉചിതം. മുടങ്ങാതെ ചെയ്യുന്ന വ്യായാമമാണ്‌ ശരീരത്തിന്‌ പ്രയോജനം ചെയ്യുക. വ്യായാമം എല്ലാ ദിവസവും രാവിലെ കൃത്യസമയത്ത്‌ ചെയ്യുന്നതാണ്‌ കൂടുതല്‍ നല്ലത്‌.ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യരുത്‌. രോഗിയായിരിക്കുമ്പോഴും വ്യായാമങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കണം. പനി പോലുള്ള രോഗങ്ങള്‍ പൂര്‍ണ്ണമായി വിട്ടുമാറിയതിനു ശേഷം മാത്രമെ കഠിനമായ വ്യായാമങ്ങള്‍ ആരംഭിക്കാവൂ. വ്യായാമത്തിനിടെ ഛര്‍ദ്ദി, കഠിനമായ പേശീ വേദന എന്നിവ ഉണ്ടായാല്‍ വ്യായാമം നിര്‍ത്തി ഡോക്ടറുടെ ഉപദേശം തേടിയതിനു ശേഷം മാത്രം തുടരുക. രോഗികളും ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നവരുമെല്ലാം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ വ്യായാമം ചെയ്യാവൂ. ആരോഗ്യത്തിനായി ചെയ്യുന്ന വ്യായാമം ഒരിക്കലും അനാരോഗ്യം വരുത്തിവയ്ക്കരുതെന്ന്‌ ചുരുക്കം.

(ഉറവിടം - വെബ്‌ദുനിയ)

ലഹരികുറയ്ക്കൂ, കരളിനെ സ്നേഹിക്കൂ


അമിത മദ്യപാനം കുടുംബ ബന്ധത്തെ ക്ഷയിപ്പിക്കുംപോലെ സ്വജീവനും അപകടമാണ്.ശരീരത്തിലെ വിഷാംശങ്ങള്‍ ശുദ്ധീകരിക്കുന്ന ഗ്രന്ഥിയാണ് കരള്‍. കരളിന്‍റെ പ്രവര്‍ത്തനം നിലച്ചാല്‍ അത് ശരീര പ്രവര്‍ത്തനങ്ങളെ ഒന്നടങ്കം ബാധിക്കും. കരളിനെ ബാധിക്കാവുന്ന ഗുരുതരമായ ഒരു രോഗമാണ് സിറോസിസ് അഥവാ കരള്‍ വീക്കം.അമിത മദ്യപാനമാണ് സിറോസിസിനു മുഖ്യ കാരണം. കരളിലെ കോശങ്ങള്‍ നശിച്ച് കരള്‍ വീക്കവും പഴുപ്പും ഉണ്ടാവുന്ന രോഗാവസ്ഥയാണ് സിറോസിസ്. സിറോസിസ് ബാധിക്കുന്നതോടെ കരളിന്‍റെ സ്വാഭാവിക പ്രവര്‍ത്തനം തടസ്സപ്പെടുകയും ശരീരത്തിലെ മാലിന്യങ്ങള്‍ ശുദ്ധീകരിക്കാതെ കിടക്കുകയും ചെയ്യും.സിറോസിസ് ഗുരുതരമാവുന്നതോടെ രോഗി അബോധാവസ്ഥയില്‍ എത്തുകയും മരണം സംഭവിക്കുകയും ചെയ്യും. അടിവയറ്റില്‍ വേദന, ആന്തരിക രക്തസ്രാവം, മഞ്ഞപ്പിത്തം, ഛര്‍ദ്ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.രക്തം, കഫം, മൂത്രം എന്നിവയുടെ പരിശോധനയിലൂടെ രോഗ നിര്‍ണ്ണയം നടത്താ‍വുന്നതാണ്. മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കി കരളിന് വിശ്രമം നല്‍കുന്നത് രോഗമുക്തിക്ക് സഹായിക്കും.

(ഉറവിടം - വെബ്‌ദുനിയ)

കര്‍ഷകന് ഉണര്‍ത്തുപാട്ടായി പത്താമുദയം


കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ആചാരങ്ങളിലൊന്നാണ് പത്താമുദയം. മേടം, തുലാം മാസങ്ങളിലെ പത്താമത്തെ ദിവസമാണ് പത്താമുദയം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. തുലാ മാസത്തിലെ പത്താമുദയം തുലാപ്പത്ത് എന്ന പേരിലാണ് പ്രസിദ്ധം. അതിനാല്‍ തന്നെ മേടപ്പത്താണ് പൊതുവെ പത്താമുദയം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. കര്‍ഷകര്‍ വിത്തിറക്കുക പത്താമുദയം നാളിലാണ്. വിഷുവിനെന്ന പോലെ പത്താമുദയം നാളിലും പുലരും മുമ്പേ എഴുന്നേറ്റ് കണികണ്ട് കന്നുകാലികളെ ദീപം കാണിക്കുന്ന ചടങ്ങ് ആദ്യ കാലങ്ങളില്‍ നിലവിലുണ്ടായിരുന്നു. വയനാട്ടില്‍ കുറിച്യ സമുദായക്കാര്‍ പത്താമുദയം നാളിലാണ് ആയോധന കലകളുടെ പ്രദര്‍ശനം നടത്താറുള്ളത്.വെള്ളിമുറം കാണിക്കുക എന്ന ചടങ്ങാ‍ണ് പത്താമുദയവുമായി ബന്ധപ്പെട്ടുള്ള മറ്റൊരു പ്രധാന ആചാരം. ഉണക്കലരി പൊടിച്ച് തരി രൂപത്തിലാക്കി മുറത്തിലാക്കി സ്ത്രീകള്‍ സൂര്യനെ അഭിമുഖീകരിച്ച് കിഴക്കോട്ട് തിരിഞ്ഞ് വിളക്കുകൊളുത്തി മുറ്റത്ത് വയ്ക്കുന്നു. പുലര്‍കാലെ സൂര്യന്‍ ഉദിച്ചുയരുന്ന സമയത്താണ് ഇത് നടക്കുക. ഉദയം പൂര്‍ണമാകുമ്പോള്‍ ഈ അരിപ്പൊടി കൊണ്ട് പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കും.

ജി.കെ
(ഉറവിടം - വെബ്‌ദുനിയ)

ചെമ്മീന്‍ ഫ്രൈ


വേണ്ട സാധനങ്ങള്‍ചെമ്മീന്‍ -- 250സബോള -- 2വെളുത്തുള്ളി -- 7 അല്ലിഇഞ്ചി -- ഒരു ചെറിയ കഷണംകറിവേപ്പില -- 2 തണ്ട്മുളകുപൊടി -- 2 ടീസ്പൂണ്‍മല്ലിപൊടി -- 2 ടീസ്പൂണ്‍ഗരം മസാല -- 1 ടീസ്പൂണ്‍മുട്ട -- 2എണ്ണ -- 3 ടീസ്പൂണ്‍പാകം ചെയ്യുന്ന വിധംചെമ്മീന്‍ 1 ടീസ്പൂണ്‍ മുളകുപൊടിയും, മല്ലിപൊടിയും, ഉപ്പും ചേര്‍ത്ത് 30 മിനിറ്റ് വെക്കുക. ചീനചട്ടിയില്‍ എണ്ണയൊഴിച്ച് നല്ലതുപോലെ ചൂടാകുബോള്‍ അതിലേക്ക് മസാല ചേര്‍ത്തുവെച്ചിരിക്കുന്ന ചെമ്മീന്‍ ഇട്ട് നല്ല ബ്രൌണ്‍നിറം വരുന്നതുവരെ ഇളക്കുക. ഇതിലേക്ക് വളരെ ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന സബോളയും, ഇഞ്ചിയും, വെളുത്തുള്ളിയും, കറിവേപ്പിലയും, മുളകുപൊടിയും, മല്ലിപൊടിയും ചേര്‍ത്ത് ഇളക്കുക. നല്ലപോലെ മൊരിഞ്ഞു വരുബോള്‍ മുട്ട അടിച്ച് ഒഴിക്കുക. നല്ലപോലെ ഇളക്കിയതിനു ശേഷം ഗരം മസാല ചേര്‍ത്ത് വീണ്ടും 5 മിനിറ്റ് ഇളക്കുക. സ്വാദിഷ്ടമായ ചെമ്മിന്‍ ഫ്രൈ തയ്യാര്‍.ജെയ്സി ലൂയിസ്മലയാളികളുടെ തീന്‍ മേശകള്‍ ഭാവിയില്‍ കീഴടക്കാന്‍ പോകുന്നത് ജെയ്‌സി ലൂയിസിന്‍റെ ഭാവനയില്‍ വിരിഞ്ഞ വിഭവങ്ങളായിരിക്കും. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ, രുചിയിലും കാഴ്ചയിലും മുന്നില്‍ നില്‍ക്കുന്ന ഐറ്റങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ജെയ്സിയുടെ പ്രത്യേകത. ഒട്ടേറെ പ്രമുഖ വെബ് പോര്‍ട്ടലുകളുടെ മുഖ്യ ആകര്‍ഷണം ജെയ്സിയുടെ പാചകക്കുറിപ്പുകളാണ്.

ജെയ്സി ലൂയിസ്
(ഉറവിടം - വെബ്‌ദുനിയ)

ശിവകാമിയുടെ മരണം



‘ഞാനിപ്പോള്‍ കഴിച്ച ബിയറില്‍ ഞാന്‍‌ തന്നെ വിഷം കലര്‍ത്തിയിരുന്നു‍, രണ്ട്‌ മണിക്കൂറിനുള്ളില്‍ ഞാന്‍ മരിക്കും'.ശിവകാമി തമാശ പറയാറില്ലെന്നും ഇത്തരം കാര്യങ്ങള്‍ ഇത്രമാത്രം ലാഘവത്തോടെ മാത്രമേ അവള്‍ പറഞ്ഞിട്ടു‍ള്ളൂ എന്നും രഘുവിന്‌ അറിയാമായിരുന്നു‍. വാക്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ അവള്‍ക്ക്‌ തെറ്റാറില്ല എന്നറിയാമായിരുന്നിട്ടും രഘു വെറുതെ എന്തോ ഓര്‍ത്തു ഭയന്നു.‘നീയിപ്പോള്‍ കുടിച്ച ബിയറില്‍ ഞാന്‍ വിഷം കലര്‍ത്തിയിരുന്നു‍, നീ രണ്ടു മണിക്കൂറിനുള്ളില്‍ മരിക്കും' എന്നല്ല ശിവകാമി പറഞ്ഞതെന്ന്‌ അവളുടെ വാചകം മനസ്സില്‍ ഒന്നു‍കൂടി കേട്ട്‌ അയാള്‍ ഉറപ്പിച്ചു. നീയും ഞാനും തമ്മിലുള്ള അന്തരത്തെക്കുറിച്ച്‌ അടുത്തയാഴ്ച ഒരു ലേഘനമെഴുതി സെല്‍വന്‍റെ ചെറുപത്രികയ്ക്ക്‌ നല്‍കണം എന്ന്‌ തീരുമാനിച്ചു.ഒരു ഞെട്ടല്‍ ശിവകാമി പ്രതീക്ഷിച്ചിരുന്നി‍ല്ല. നഗരത്തില്‍ അടുത്തിടെ ആരൊക്കെയോ ചേര്‍ന്നു രൂപീകരിച്ച ‘റൈറ്റേഴ്സ്‌ കോര്‍ണര്‍' എന്ന എഴുത്തുസംഘത്തെക്കുറിച്ചാണ്‌ അവള്‍ അതുവരെ പറഞ്ഞുകൊണ്ടിരുത്‌. ഏറെക്കാലം പ്രസാധകരെ തിരക്കിയലഞ്ഞ തന്‍റെ പുസ്തകം അവര്‍ പ്രസിദ്ധീകരിച്ചേക്കുമെന്ന് അവള്‍ പറഞ്ഞിരുന്നു‍. അതിനിടയില്‍ അത്ര നിസ്സാരമായി വന്ന ആ വാചകം ആരെയും ഒന്നമ്പരപ്പിക്കേണ്ടതാണ്‌. ആ അമ്പരപ്പ്‌ പക്ഷേ തങ്ങള്‍ക്കിടയില്‍ ഉണ്ടാകില്ല എന്ന്‌ ശിവകാമിക്കും രഘുവിനും അറിയാമായിരുന്നു‍. പക്ഷേ, രഘു ഞെട്ടി‍യ ഞെട്ടല്‍ അവന്‍ പുറത്തുകാണിക്കാ‍തിരുന്നത്‌ ശിവകാമി അറിഞ്ഞില്ല. അത്‌ അവള്‍ക്ക്‌ അവനെക്കുറിച്ചുള്ള അമിതധാരണകളുടെ ഫലമായി സംഭവിച്ചതാണ്‌.കൃത്യം രണ്ടുമണിക്കൂറിനുശേഷം രഘു മരിച്ചു. മനുഷ്യശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ശിവകാമിയുടെ അഗാധമായ അറിവില്‍ അവന്‍ സന്തോഷിച്ചു. ഒരിക്കല്‍ ഇതുപോലെ അവന്‍ അവളെ കൊന്നപ്പോള്‍ ഒരുമണിക്കൂര്‍ കൊണ്ട്‌ അവള്‍ മരിക്കുകയും അവന്‍റെ ധാരണയില്ലായ്മയില്‍ ദുഃഖിക്കുകയും ചെയ്തിരുന്നു‍.


ലതീഷ്മോഹന്‍
(ഉറവിടം - വെബ്‌ദുനിയ)

അക്ക്വേഷ്യകള്‍ പൂക്കുന്ന കാലം


കപ്പല്‍ ഛേദം വന്ന നാവികന് കടല്‍ ഒരു ദുരന്തമായിരിക്കാം. തോണി അര്‍ഥഗര്‍ഭമായ ഒരു മൌനവും...കടല്‍ക്കാറ്റിന്‍റെ നനുത്ത ഗന്ധം നിറഞ്ഞു നില്‍ക്കുന്ന ആ പ്രദേശത്തേക്ക് എന്തൊക്കെയോ ലക്‍ഷ്യങ്ങളുമായി നടന്നു നീങ്ങുമ്പോള്‍ മനസ് ശൂന്യമായിരുന്നു.ഒരു ഓണാഘോഷത്തിന്‍റെ തിരക്കിനിടയിലാണ് ഞാന്‍ ആദ്യമായി ആ ക്ലാസ് റൂമിലേക്ക് ചെന്ന് കയറുന്നത്. പരിചിതമായ മുഖങ്ങളേക്കാള്‍ അപരിചിതമായ മുഖങ്ങളാണേറെ. “എന്താ ചേട്ടാ ഇവിടെ” എന്ന ചോദ്യവുമായി ഒരു പരിചയക്കാരി വന്നപ്പോള്‍ ഈ ക്ലാസിലെ പുതിയ അംഗം ആണെന്നറിയിച്ചു. എല്ലാവരും ഓണാഘോഷ തിരക്കുകളില്‍. ഞാന്‍ എന്താ ചെയ്യണ്ടേ? ഒടുവില്‍ അത്തമിടാന്‍ സഹായിക്കാമെന്നു വച്ചു. സഹായിച്ചു, അപ്പോള്‍ ധാരാളം പേര്‍ പിന്നെയും പരിചയപ്പെടാന്‍ എത്തി. "അങ്ങനെ ഈ നരകത്തിലേക്ക് ഒരു ഹതഭാഗ്യന്‍ കൂടി" എന്ന് ആരോ പറയുന്നത് കേട്ടു. ആ മുഖം ഒന്ന് ഓര്‍ത്തു വച്ചു. പിന്നീടാണ് അറിയുന്നത് അവന്‍ എന്‍റെ നാട്ടുക്കാരനാണെന്ന് . കൊള്ളാം! അങ്ങനെ ഒരു അയല്‍ക്കാരനെ കിട്ടി. പിന്നെ അവനുമായി ചങ്ങാത്തം ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. പിടി തരുന്നില്ല. ഇനി 10 ദിവസം അവധിയാണ് . ഓണം പതിവുപൊലെ കടന്നു പോയി... ക്ലാസ് ആരംഭിച്ചപ്പോള്‍ കണിശക്കാരിയായ ടീച്ചറിന്‍റെ വക മുന്നറിയിപ്പ് “ഇവിടെ വരുന്നത് പഠിക്കാനാണെന്നത് ഓര്‍മ്മ വേണം“വിപ്ലവത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല പ്രണയത്തിന്‍റെ കാര്യത്തിലും ആ കലാലയം ഒരു ഉഷ്‌ണമേഖലയായിരുന്നു. അക്ക്വേഷ്യയുടെ ചുവട്ടില്‍ നിന്നും പൊട്ടി മുളയ്ക്കുന്ന മരം ചുറ്റി പ്രണയങ്ങള്‍. എല്ലാത്തിനും സാക്ഷിയായി വിദേശികള്‍ സമ്മാനിച്ച പാപം... ആര്‍ക്കും ഒരു ഉപയോഗവുമില്ലാത്ത അക്ക്വേഷ്യ... പക്ഷേ എന്‍റെ ജീവിതത്തിലേക്ക് മറ്റൊരു പൂക്കാലം കൂടി വന്നെത്തി... അക്ക്വേഷ്യകള്‍ പൂക്കുന്ന കാലം....ആ അക്ക്വേഷ്യയുടെ ചുവട്ടില്‍ ഇരുന്ന് ഞാനും ശൂന്യമായ ആകാശത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി...“നീയറിഞ്ഞോ നമ്മുടെ മയില്‍പ്പീലികള്‍ പെറ്റുആയിരം കുഞ്ഞുങ്ങള്‍....പുകച്ചും തുമിച്ചും നീങ്ങുന്ന ബസ്സില്‍ തോളോട് തോളുരുമി യാത്ര ചെയ്യുമ്പോള്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് അര്‍ഥമുണ്ടെന്ന് കരുതി...അപ്പോള്‍ മുതലാണ് ഒരു ഫോണ്‍ കോളിനും ഒരു ഉമ്മയ്ക്കും എന്‍റെ ജീവിതത്തില്‍ എത്ര പ്രാധാന്യമുണ്ടെന്ന് ഞാന്‍ മനസിലാക്കിയത്.... വെളുത്ത കടലാസില്‍ ചുവന്ന ഛായങ്ങള്‍ കൊണ്ട് പ്രണയജീവിതം ദൃഡമാക്കുമ്പോള്‍ ഒരിക്കലും വേര്‍പ്പാടിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല.... പക്ഷേ... ആ ദിനം വന്നെത്തി.... പുകതുപ്പി നീങ്ങുന്ന ആ ബസ്സില്‍ ഇരുന്നു തന്നെ എന്നോട് അവള്‍ അവസാന യാത്രയും ചോദിച്ചു.... ഇനി കാണുമെന്ന പ്രതീക്ഷ ഇല്ലാതെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി...യാത്ര ആരംഭിച്ചു. കൂടെ എന്‍റെ സര്‍ട്ടിഫിക്കറ്റ് ചുവന്ന വരകളും അക്കങ്ങളും നിറഞ്ഞ സര്‍ട്ടിഫിക്കറ്റ്...ലക്‌ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയോ അറിയില്ല... അപ്പോഴും എന്‍റെ മനസ്സ് ശൂന്യമായിരുന്നു....
വിനോദ് എസ് എസ്
(ഉറവിടം - വെബ്‌ദുനിയ)

യാത്ര...


മാലോകരേ... ‘പുലരിയില്‍’ പാട്ടുണരാത്ത ഒരു പകല്‍ കടന്നുപോയി. മധു പകര്‍ന്നും മലര്‍ ചൊരിഞ്ഞും മലയാളത്തെ പുളകം കൊള്ളിച്ച ഭാസ്കരന്‍ മാഷ് ജ്വലിക്കുന്ന ഓര്‍മ്മയായി. പത്തു നിമിഷത്തിന്‍റ അകലത്തില്‍ മാഷിന്റെ വിറങ്ങലിച്ച ദേഹമുണ്ടായിരുന്നു. ദേഹിയകന്ന ദേഹത്തെ കാണാന്‍ മനസ്സ് അനുവദിച്ചില്ല. ഇനിയൊരിക്കലും തേജസുറ്റ ആ മുഖം കാണാനാവില്ലെന്ന സത്യം സങ്കടിപ്പിച്ചു. അനന്തപുരി എഫ്.എമ്മില്‍ രാവിലെ മുതല്‍ മാഷ് ടെ പാട്ടുകള്‍ ഉണ്ടായിരുന്നു. വെറുതെ പാട്ടുകേട്ടു കിടന്നപ്പോള്‍ കരളില്‍ നിന്നൊരു കിളികൂടി പറന്നുപോയതു പോലെ... ഖള്‍ബിലേ പഞ്ചാരപനംതത്ത ഇനി മാനത്തെക്കായലില്‍ താരകനാരിമാര്‍ക്കൊപ്പം ഉദിച്ചു നില്‍ക്കും... ആ കാഴ്ച മതിയെനിക്ക്...