
ചൊവ്വ, 5 ജൂണ്‍ 2007
കൃഷിഭൂമി അന്യായമായി കരസ്ഥമാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഫൈസാബാദ് കോടതി വിധിക്കെതിരെ അമിതാഭ് ബച്ചന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ലക്നോ ബഞ്ചില്‍ ഫയല്‍ ചെയ്ത പരാതിയിന്‍മേല്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. തന്‍റെ പേരിലുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള ഫൈസാബാദ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് അമിതാഭ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
ഫൈസാബാദ് അഡീഷണല്‍ കമ്മീഷണര്‍ ഏകപക്ഷീയമാണ് തീരുമാനം കൈക്കൊണ്ടതെന്നും അമിതാഭിന് വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമാന്യ നീതി പോലും ബച്ചന് നിഷേധിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഗൌരവ് ഭാട്ടിയ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കാര്‍ഷിക ആവശ്യത്തിനായുള്ള ഭൂമി സ്വന്തമാക്കണമെങ്കില്‍ കര്‍ഷകനാണെന്ന് തെളിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ബച്ചന്‍റെ സുഹൃത്തായ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് മുഖ്യമന്ത്രിയായിരിക്കെ വ്യവസ്ഥകള്‍ ലംഘിച്ച് ഭൂമി നല്‍കുകയായിരുന്നു എന്നാണ് ആരോപണം.
ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ക്കുള്ള ഭൂമി സ്വന്തമായുള്ളതിന്‍റെ രേഖകള്‍ കാട്ടി മഹാരാഷ്ട്രയിലെ ലോണാവാലയിലും ബച്ചന്‍ കുടുംബം ഭൂമി സ്വന്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
(Source:yahoo.malayalam)
No comments:
Post a Comment