Tuesday, June 19, 2007

പുതിയ ടെര്‍മിനല്‍ ഡിസംബറില്‍: വിഎസ്

ചൊവ്വ, 19 ജൂണ്‍ 2007
തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്‍റെ പണി അടുത്തവര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു. പുതിയ ടെര്‍മിനലിന്‍റെ ബോര്‍ഡിംഗ്, ഡിപ്പാര്‍ച്ചര്‍ ഭാഗങ്ങളില്‍ ഒരേസമയം 500 വീതം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. കൂടാതെ എട്ട് ഫ്ലൈറ്റുകള്‍ക്ക് പാര്‍ക്കിംഗ് സൌകര്യമുണ്ട്.

എയര്‍ക്രാഫ്റ്റുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നിര്‍ദ്ദിഷ്ട ഹാങ്കര്‍ യൂണിറ്റിനുള്ള സ്ഥലം ബന്ധപ്പെട്ട അധികൃതര്‍ക്ക് ഉടന്‍ കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി 2000 ഏക്കര്‍ ഭൂമി ത്വരിതഗതിയില്‍ ഏറ്റെടുക്കുന്നതിന് തിരുമാനമെടുത്തു കഴിഞ്ഞു. എയര്‍പോര്‍ട്ടിനോട് ചേര്‍ന്നുള്ള 10 ഏക്കര്‍ സ്ഥലം നേവല്‍ കേന്ദ്രം സ്ഥാപിക്കുന്നതിന് പ്രതിരോധ വകുപ്പിന് പാട്ടത്തിന് നല്‍കുമെന്നും വി എസ് പറഞ്ഞു.


(Source:yahoo.malayalam)

സേതു സമുദ്രം: മണ്ണെടുപ്പ്‌ 2008ല്‍ പൂര്‍ത്തിയാകും

തിങ്കള്‍, 18 ജൂണ്‍ 2007
സേതുസമുദ്രം പദ്ധതിയോട് അനുബന്ധിച്ചുള്ള കപ്പല്‍ച്ചാല്‍ നിര്‍മ്മാണത്തിന് വേണ്ടിയുള്ള മണ്ണെടുപ്പ്‌ 2008 ഡിസംബറോടെ പൂര്‍ത്തീകരിക്കാനാവുമെന്ന്‌ കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി ടി ആര്‍ ബാലു പറഞ്ഞു.
പല്ലടയില്‍ ദേശീയപാതാ വികസന നടപടികള്‍ വിലയിരുത്താനെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ടെന്‍ഡര്‍ നടപടികളിലെ കാലതാമസവും രാഷ്‌ട്രീയ ഇടപെടല്‍ ശ്രമങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിര്‍ത്ത് ഹൈന്ദവ സംഘടനകളും ബി ജെ പിയും രംഗത്തെത്തിയിരുന്നു.
(Source:yahoo.malayalam)

യുഎന്‍ അംഗത്വം: ഇന്ത്യയ്ക്ക് ബ്രിട്ടന്‍റെ പിന്തുണ

ചൊവ്വ, 19 ജൂണ്‍ 2007
ഐക്യരാഷ്‌ട്ര സഭ സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ബ്രിട്ടന്‍ പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യക്ക് ക്രിയാത്മക കടമ നിര്‍വഹിക്കാനുണ്ടെന്നും ഐക്യരാഷ്‌ട്ര സഭയില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും വിദേശകാര്യ സഹമന്ത്രി കിം ഹോവല്‍‌സ് വ്യക്തമാക്കി.
ഇന്ത്യയുടെ സ്വാതന്ത്രത്തിന്‍റെ അറുപതാം വാര്‍ഷികാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരസ്പര വിശ്വാസത്തിലും സഹകരണത്തിലും അധിഷ്ഠിതമായ ഒരു ബന്ധമാണ് കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി ഇന്ത്യയും ബ്രിട്ടനും തുടര്‍ന്നു വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ രംഗത്തുമുള്ള ബ്രിട്ടന്‍റെ പുരോഗതിക്ക് ഇന്ത്യക്കാര്‍ നല്‍കിയിട്ടുള്ള സംഭാവന വിലമതിക്കാന്‍ കഴിയാത്തതാണ്. ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ഇരു രാഷ്‌ട്രങ്ങളെയും തമ്മില്‍ ബന്ധത്തെ അനുദിനം ദൃഢപ്പെടുത്തുകയാണെന്നും കിം ഹോവല്‍‌സ് പറഞ്ഞു.
(Source:yahoo.malayalam)

സിനിമാ നിര്‍മാണം സ്തംഭിച്ചു

ചൊവ്വ, 19 ജൂണ്‍ 2007
നിര്‍മാതാക്കളും സാങ്കേതിക വിദഗ്ധരും തമ്മിലുണ്ടായ ഭിന്നതകള്‍ ശക്തമായതോടെ സംസ്ഥാനത്തെ സിനിമാ നിര്‍മാണ മേഖലയില്‍ സതംഭനാവസ്ഥ. എട്ട് സിനിമകളുടെ നിര്‍മാണമാണ് ഇതേ തുടര്‍ന്ന് നിര്‍ത്തിവച്ചിട്ടുള്ളത്. അഞ്ച് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നിര്‍ത്തിവച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരുടെ സംഘടനയായ മാക്‌ടയുടെ അധ്യക്ഷനായ സംവിധായകന്‍ വിനയന്‍ നടത്തിയ പരസ്യ പ്രസ്താവനയാണ് നിലവില്‍ ഭിന്നത് രൂക്ഷമാക്കിയിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ മാക്‌ടയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നും നിര്‍മാതാക്കളുടെ സംഘടന തിങ്കളാഴ്ച പിന്‍‌വാങ്ങിയിരുന്നു. ധാരണകള്‍ കാറ്റില്‍ പറത്തി വിനയന്‍ പരസ്യ പ്രസ്താവന നടത്തി എന്നാരോപിച്ചായിരുന്നു ഈ പിന്‍‌മാറ്റം. പരസ്യ പ്രസ്താവന പിന്‍‌വലിച്ച് വിനയന്‍ മാപ്പ് പറയണമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ ഇപ്പോഴത്തെ ആവശ്യം.

ഷാജി കൈലാസിന്‍റെ അലിഭായ്, ജോഷിയുടെ നസ്രാണി, ലോഹിതദാസിന്‍റെ നിവേദ്യം, ഷാഫിയുടെ ചോക്ലേറ്റ്, സമദ് മങ്കടയുടെ കിച്ചാമണി എം ബി എ, വേണു നാഗവള്ളിയുടെ സുഹൃത്ത്, വിനു ആനന്ദിന്‍റെ ഹാര്‍ട്ട് ബീറ്റ്സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാണമാണ് നിര്‍ത്തിവച്ചിരിക്കുന്നത്.
(Source:yahoo.malayalam)

എക്കിള്‍ ശല്യമാവുമ്പോള്‍

ചില സമയം എക്കിള്‍ എന്ന വില്ലന്‍ എല്ലാ സ്വസ്ഥതയും നശിപ്പിച്ചേക്കാം. വെള്ളം കുടിച്ചാലും ശമിക്കാത്ത ഈ കൊച്ചു വില്ലനെ നശിപ്പിക്കാന്‍ ചില വഴികളുണ്ട്.വായില്‍ പഞ്ചസാര ഇട്ട് ഒന്നോ രണ്ടോ മിനിറ്റുകൊണ്ട് കുറേശ്ശെ അലിയിച്ചിറക്കുക, എക്കിള്‍ പമ്പ കടക്കും. അതല്ല, വായില്‍ നിറയെ വെള്ളം എടുത്ത ശേഷം വിരല്‍ കൊണ്ട് മൂക്ക് അടച്ച് പിടിച്ച് ഒരുമിനിറ്റ് ഇരുന്നാലും എക്കിള്‍ ഇല്ലാതാവും.ജീരകം, ചന്ദനം എന്നിവ ഓരോ കഴഞ്ച് വീതം അരച്ചെടുത്ത് വെണ്ണയില്‍ കഴിക്കുക. അല്ലെങ്കില്‍, കൂവള വേരിന്‍റെ മുകള്‍ ഭാഗത്തെ തൊലി മോരില്‍ സേവിക്കുന്നതും മാവിന്‍റെ ഇല കത്തിച്ച് പുക ശ്വസിക്കുന്നതും എക്കിളിനെ ഇല്ലാതാക്കും.ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ചേര്‍ത്ത് കഴിക്കുന്നതും ചുക്ക് തേനില്‍ പൊടിച്ചു ചേര്‍ത്ത് കാല്‍ പണത്തൂക്കം അവില്‍ ചേര്‍ത്ത് അരച്ച് സേവിക്കുന്നതും എക്കിള്‍ ശമിപ്പിക്കാന്‍ നല്ലതാണ്. പച്ചക്കര്‍പ്പൂരം പാലില്‍ നസ്യം ചെയ്യുന്നതും മുക്കൂറ്റി അരച്ച് വെണ്ണയില്‍ സേവിക്കുന്നതും എക്കിളിനെ ഇല്ലാതാക്കും.
(Source: yahoo.malayalam)

അമിതവണ്ണം കുറയ്ക്കാന്‍

അമിതവണ്ണം പലരുടെയും ഉറക്കം കെടുത്തുന്ന ഒരു സംഗതിയാണ്. മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കൊപ്പം സ്വയം അപഹര്‍ഷതാ ബോധവും ഉണ്ടായി തുടങ്ങുന്നതോടെ തടി എങ്ങിനെ കുറയ്ക്കാം എന്നതിനെക്കുറിച്ചാകും പലരുടെയും ചിന്ത. ഇത് മുതലെടുക്കാനായി തട്ടിപ്പുകളുമായി പലരും രംഗത്തെത്താറുണ്ട്. പരസ്യങ്ങളിലൂടെയും മറ്റും ജനങ്ങളെ ആകര്‍ഷിച്ച് അമിതവണ്ണത്തിന് പരിഹാരം വാക്കുനല്‍കുന്നവര്‍ ഒരിക്കലും വിജയിക്കാറില്ലെന്നതാണ് പരമാര്‍ഥം. ഇത്തരം വാഗ്ദാനങ്ങളില്‍ കുടുങ്ങുന്നവര്‍ക്ക് പണം നഷ്‌ടമാകുകയാണ് പതിവ്.ലളിതമായ ചില മാര്‍ഗങ്ങളിലൂടെ തന്നെ അമിതവണ്ണം കുറയ്ക്കാനാകും.
പരമാവധി നടക്കുകയാണ് തടി ചുരുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. നടത്തത്തോളം നല്ലൊരു വ്യായാമം ഇല്ല. മധുര പലഹാരങ്ങള്‍, വറുത്ത പലഹാരങ്ങള്‍ എന്നിവ തടി വര്‍ധിപ്പിക്കാനിടയുള്ളതിനാല്‍ ഇവ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കണം. ഉച്ച ഉറക്കവും നന്നല്ല. അഹാരങ്ങള്‍ സമയമെടുത്ത് ചവച്ചരച്ച് കഴിക്കാന്‍ ശീലിക്കുക. ആഹാരത്തിന് കൃത്യമായി സമയം നിശ്ചയിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നല്ലത്. അസമയങ്ങളിലുള്ള ഭക്ഷണം പൂര്‍ണമായും ഒഴിവാക്കണം. മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, ഇറച്ചി എന്നിവ കഴിക്കാതിരിക്കുന്നത് തടി ഒഴിവാക്കാന്‍ സഹായിക്കും.

(Source: yahoo.malayalam)

Saturday, June 16, 2007

''Face of reality''

(Source: Keralakaumudi, 16th June, 2007)

''all the best'


(Source: keralakaumudi, 16th June, 2007)

Tuesday, June 12, 2007

It was all ''Tharikida......''

(Source: Keralakaumudi, 12th June, 2007)

ഭാര്‍തിക്കും റിലയന്‍സിനും തിരിച്ചടി


ചൊവ്വ, 12 ജൂണ്‍ 2007
മധ്യേഷ്യയിലെ ടെലികോം വിപണി സ്വന്തമാക്കാനായി ഭാര്‍തിയും റിലയന്‍സും ചേര്‍ന്ന് നടത്തിയ നീക്കം പാളി. സംവാത് ഭാര്‍തി - അല്‍ റാജി റിലയന്‍സ് കണ്‍സോര്‍ഷ്യത്തെ പിന്‍‌തള്ളി കുവൈറ്റ് ടെലികോം കമ്പനി(എം ടി സി) സൌദി അറേബ്യയിലെ മൂന്നാമത്തെ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് ലൈസന്‍സ് സ്വന്തമാക്കിയതോടെയാണിത്. 22.91 ബില്യണ്‍ സൌദി റിയാല്‍ നല്‍കിയാണ് എം ടി സി ലൈസന്‍സ് സ്വന്തമാക്കിയത്. ഭാര്‍തി 17.25 ബില്യണും റിലയന്‍സ് 11.25 ബില്യണ്‍ സൌദി റിയാലുമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.

എം ടി സിയുടെ വാഗ്ദാനം തിങ്കളാഴ്ച സൌദി രാജകുമാരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചതോടെ എം ടി സി സൌദി മൊബൈല്‍ ടെലികോം കമ്പനി(എസ് എം ടി സി) എന്ന സബ്സീഡിയറി കമ്പനിക്ക് രൂപം നല്‍കി.
(source: yahoo malayalam)

പനിമരണം വീണ്ടും; സൈന്യം സജീവം


തിങ്കള്‍, 11 ജൂണ്‍ 2007
പകര്‍ച്ചപ്പനി സംസ്ഥാനത്ത് മരണതാണ്ഡവം തുടരുകയാണ്. തിങ്കളാഴ്ച രണ്ടു പേര്‍കൂടി പനി മൂലം മരണമടഞ്ഞു. കൊല്ലത്തും പാലക്കാടുമാണ് മരണങ്ങള്‍ സംഭവിച്ചത്. കഴിഞ്ഞ ദിവസം 16 പേര്‍ മരിച്ചിരുന്നു. പനി ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സൈന്യം രംഗത്തുണ്ട്.കൊതുകുനിവാരണമാണ് സൈന്യം ആദ്യം ചെയ്യുന്നത്. ഇതിനായി ആധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. കരസേനയുടെയും നാവികസേനയുടെയും അംഗങ്ങള്‍ സജീവമായി രംഗത്തുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ ഒരു സംഘവും ചികിത്സാനടപടികളുമായി പനിബാധിത പ്രദേശങ്ങളില്‍ എത്തിയിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ സൈന്യം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കരസേനയുടെയും നാവിക സേനയുടെയും ഡോക്‌ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുകളും ക്യാമ്പുകളിലുണ്ട്.
(Source:yahoo malayalam)

സ്റ്റീവന്‍ സ്പില്‍ബര്‍ഗും പീറ്റര്‍ ജാക്സണും ഒന്നിക്കുന്നു


ഹോളിവുഡ് സിനിമാലോകത്തെ രണ്ട് അതികായര്‍ ഒന്നിക്കുന്നു. സൂപ്പര്‍ സംവിധായകരായ സ്റ്റീവന്‍ സ്പില്‍ബര്‍ഗും പീറ്റര്‍ ജാക്സണുമാണ് ഒരു സിനിമയ്ക്കു വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത്. സിനിമ എന്നു പറഞ്ഞാല്‍ സാധാരണ സിനിമയല്ല, ഒരു അനിമേഷന്‍ സിനിമ. ലോകപ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രം ‘ജൂനിയര്‍ റിപ്പോര്‍ട്ടര്‍‘ ടിന്‍‌ടിന്‍ ഇനി സിനിമാരൂപം പ്രാപിക്കുകയാണ്. സ്പില്‍ബര്‍ഗും പീറ്റര്‍ ജാക്സണും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്നു. പീറ്റര്‍ ജാക്സന്‍റെ സ്പെഷ്യല്‍ ഇഫക്ട് ടീമായ വെറ്റാ ഡിജിറ്റലാണ് ടിന്‍‌ടിന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ടിന്‍‌ടിന്‍ തിയേറ്ററുകളിലെത്തിക്കാനാണ് സ്പില്‍ബര്‍ഗിന്‍റെയും പീറ്റര്‍ ജാക്സന്‍റെയും പരിപാടി.ജുറാസിക് പാര്‍ക്ക്, ഇ ടി, സ്പീഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ സംവിധായകനാണ് സ്പില്‍ബര്‍ഗ്. പീറ്റര്‍ജാക്സണ്‍ സംവിധാനം ചെയ്ത കിംഗ് കോംഗ്, ലോര്‍ഡ് ഓഫ് ദി റിംഗ്സ് തുടങ്ങിയ ചിത്രങ്ങള്‍ ഹോളിവുഡിലെ അത്ഭുതങ്ങളാണ്.
(Source: yahoo malayalam)

Wednesday, June 6, 2007

പരാതി പരിശോധിക്കാന്‍ ഉപസമിതി


ബുധന്‍, 6 ജൂണ്‍ 2007
മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സി പി ഐ ഉന്നയിച്ച പരാതികള്‍ സംബന്ധിച്ച് പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണി നേതൃയോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.


മൂന്നാറില്‍ തങ്ങളുടെ ഓഫീസ് പൊളിച്ചതിനെ സി പി ഐ നേതാക്കള്‍ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. എന്നാല്‍ നിയമ വിരുദ്ധമായ ഒരു നടപടിയും മൂന്നാറില്‍ ഉണ്ടായിട്ടില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉറച്ചു നിന്നു. ഏറെ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് സി പി ഐയുടെ പരാതി പരിശോധിക്കാന്‍ ഉപസമിതിയെ നിയോഗിക്കാന്‍ തീരുമാനമായത്.

മുന്നണി കണ്‍‌വീനര്‍ വൈക്കം വിശ്വന്‍റെ അധ്യക്ഷതയിലുള്ള സമിതിയിലെ മറ്റംഗങ്ങള്‍ സി പി ഐ അസിസ്റ്റന്‍ഡ് സെക്രട്ടറി കെ ഇ ഇസ്മയില്‍, കെ കൃഷ്ണന്‍‌കുട്ടി, പി ജെ ജോസഫ്, കെ പങ്കജാക്ഷന്‍ എന്നിവരാണ്.

കയ്യേറ്റത്തിനെതിരെയുള്ള നടപടികള്‍ തുടരാന്‍ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച പരാതികള്‍ മുന്നണി പരിശോധിക്കും.
(source:yahoo.malayalam)

15 മുതല്‍ മോട്ടോര്‍ പണിമുടക്ക്


ബുധന്‍, 6 ജൂണ്‍ 2007
സംസ്ഥാനത്ത് 15 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത സമരസമിതി തീരുമാനിച്ചു. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പാലക്കാട് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഓഫീസില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.


മോട്ടോര്‍ നയം പ്രഖ്യാപിക്കുക, യൂസേഴ്സ് ഫീ സമ്പ്രദായം അവസാനിപ്പിക്കുക, ഡിജിറ്റല്‍ മീറ്റര്‍ സ്ഥാപിക്കുന്നത് പിന്‍വലിക്കുക, മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
(Source:yahoo.malayalam)

ഭൂമി വിവാദം: അമിതാഭ് നിയമനടപടിക്ക്


ചൊവ്വ, 5 ജൂണ്‍ 2007
കൃഷിഭൂമി അന്യായമായി കരസ്ഥമാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഫൈസാബാദ് കോടതി വിധിക്കെതിരെ അമിതാഭ് ബച്ചന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ലക്നോ ബഞ്ചില്‍ ഫയല്‍ ചെയ്ത പരാതിയിന്‍‌മേല്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. തന്‍റെ പേരിലുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള ഫൈസാബാദ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് അമിതാഭ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

ഫൈസാബാദ് അഡീഷണല്‍ കമ്മീഷണര്‍ ഏകപക്ഷീയമാണ് തീരുമാനം കൈക്കൊണ്ടതെന്നും അമിതാഭിന് വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമാന്യ നീതി പോലും ബച്ചന് നിഷേധിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഗൌരവ് ഭാട്ടിയ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ കാര്‍ഷിക ആവശ്യത്തിനായുള്ള ഭൂമി സ്വന്തമാക്കണമെങ്കില്‍ കര്‍ഷകനാണെന്ന് തെളിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ബച്ചന്‍റെ സുഹൃത്തായ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് മുഖ്യമന്ത്രിയായിരിക്കെ വ്യവസ്ഥകള്‍ ലംഘിച്ച് ഭൂമി നല്‍കുകയായിരുന്നു എന്നാണ് ആരോപണം.

ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ക്കുള്ള ഭൂമി സ്വന്തമായുള്ളതിന്‍റെ രേഖകള്‍ കാട്ടി മഹാരാഷ്ട്രയിലെ ലോണാവാലയിലും ബച്ചന്‍ കുടുംബം ഭൂമി സ്വന്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
(Source:yahoo.malayalam)

ഓണ്‍ലൈനില്‍ പണം തട്ടിപ്പ്


ബാങ്ക് ഇടപാടുകള്‍ ഇന്‍റര്‍നെറ്റിലൂടെ നടത്തുന്നവര്‍ കരുതി ഇരിക്കുക. നിങ്ങള്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഫിഷിം‌ഗ് എന്ന തന്ത്രം വഴി ഇമെയില്‍ ഉപയോഗിച്ച് വിവിധ ഉപയോക്താക്കളുടെ അക്കൌണ്ടുകളില്‍ നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ ആറ് ബില്യണ്‍ ഡോളര്‍ കവര്‍ന്നതായാണ് കണക്കുകള്‍.

കഴിഞ്ഞ ഒക്‌ടോബറില്‍ ഡല്‍ഹി സ്വദേശിയായ സുഖ്‌വീന്ദറിന്‍റെ അക്കൌണ്ടില്‍ നിന്നും നഷ്‌ടമായത് 41,000 രൂപയാണ്. ബാങ്കില്‍ നിന്നും വന്ന ഒരു ഇമെയില്‍ പ്രകാരം തന്‍റെ ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും നല്‍കിയതാണ് സുഖ്‌വീന്ദറിന് വിനയായത്. പോലീസ് നടത്തിയ അന്വേഷണങ്ങളില്‍ ബാങ്കിന്‍റെ പേരില്‍ വന്ന ഇമെയില്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

യൂടിഐ ബാങ്കിന്‍റെ 30 ഉപഭോക്താക്കളില്‍ നിന്നും 20 ലക്ഷം രൂപ കവര്‍ന്ന നാല് നൈജീരിയന്‍ സ്വദേശികളെ ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്തത് അടുത്ത കാലത്താണ്. 2006 ല്‍ ഇത്തരത്തിലുള്ള 200 തട്ടിപ്പു കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായിട്ടാണ് സര്‍ക്കാര്‍ കണക്കുകള്‍.

(Souce:yahoo.malayalam)

മുകേഷ് വീണ്ടും ഡ്രൈവിംഗ്‌സീറ്റില്‍


മലയാള സിനിമയുടെ ഡ്രൈവിംഗ് സീറ്റില്‍ വീണ്ടും മുകേഷ്. ഹിറ്റ് ഫോര്‍മുല എന്ന് സിനിമക്കാര്‍ വിശ്വസിക്കുന്ന ചട്ടക്കൂടുകളില്‍ ഇന്ന് ഒന്നാമതാണ് മുകേഷിന്‍റെ സ്ഥാനം. മുകേഷിനെ ഉള്‍പ്പെടുത്തിയാല്‍ സിനിമ ഹിറ്റാകും എന്നൊരു പ്രചാരണം വ്യാപകമായിരിക്കുന്നു. ഫലമോ? സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ ഉള്‍പ്പടെ മുകേഷിന്‍റെ സാന്നിധ്യമുറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ് നിര്‍മ്മാതാക്കള്‍.

വിനോദയാത്രയുടെ വന്‍ വിജയമാണ് മുകേഷിന് വീണ്ടും മാര്‍ക്കറ്റുണ്ടാക്കിയിരിക്കുന്നത്. അഭിനയ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ മുകേഷ് തന്‍റെ ഏറ്റവും മികച്ച കരിയര്‍ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. കോമഡിക്കൊപ്പം അഭിനയപ്രാധാന്യമുള്ള നല്ല വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തുന്നു.

വിനോദയാത്രയില്‍ മുകേഷിനെ ഉള്‍പ്പെടുത്തിയത് സത്യന്‍ അന്തിക്കാടിന്‍റെ ഏറ്റവും പുതിയ വിപണന തന്ത്രമാണ്. മുകേഷ് - ദിലീപ് രസതന്ത്രമാണ് ആ ചിത്രത്തിന്‍റെ വിജയത്തെ ഏറ്റവും അധികം സഹായിച്ചതും. ആദ്യപകുതിയില്‍ ദിലീപിനെക്കാള്‍ പ്രാധാന്യം മുകേഷിനാണെന്നത് ശ്രദ്ധിക്കുക.

കൈയ്യൊപ്പ്, കാക്കി തുടങ്ങിയ ചിത്രങ്ങളില്‍ മുകേഷിന്‍റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൈയ്യൊപ്പിലെ കിളിപ്പാട്ട് ശിവദാസന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ്.

ഒരു ഇടവേളയ്ക്ക് ശേഷം വേണു നാഗവള്ളി സംവിധാനം ചെയ്യുന്ന സുഹൃത്ത് എന്ന ചിത്രത്തിലെ നായകന്‍ മുകേഷാണ്. മാത്രമല്ല, വിശ്വോത്തര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘മൂന്നു പെണ്ണുങ്ങളി’ലും പ്രധാന കഥാപാത്രം മുകേഷ് തന്നെ.

ഗോഡ്ഫാദറും, റാം‌ജിറാവുവും, ഹരിഹര്‍ നഗറുമൊക്കെ തകര്‍ത്തുവാരിയ ആ പഴയകാലം പുന:സൃഷ്‌ടിക്കാനൊരുങ്ങുകയാണ് മുകേഷ്.
(Source: yahoo.malayalam)