Monday, May 21, 2007

ലോകബാങ്ക് തലപ്പത്തേക്ക് ബ്ലെയറും


ഞായര്‍, 20 മെയ് 2007
ബ്രിട്ടീഷ് പ്രസിഡന്‍റ് പദം ഒഴിയുന്ന ടോണി ബ്ലെയറിനെ കാത്തിരിക്കുന്നത് പുതിയ നിയോഗമോ? അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും സത്യമാവുകയാണെങ്കില്‍ ലോകബാങ്കിന്‍റെ സാരഥ്യം എത്തുന്നത് ഇനി ബ്ലെയറിന്‍റെ കൈകളില്‍ ആയിരിക്കാം. ലോകബാങ്ക് പ്രസിഡന്‍റ് പദവിക്കുവേണ്ട അടിസ്ഥാന യോഗ്യത അമേരിക്കന്‍ താല്പര്യമാണെന്നതിനാല്‍ ബ്ലെയറിന് നറുക്ക് വീഴാന്‍ സാധ്യതയുള്ളതായി അഭ്യൂഹങ്ങള്‍ പരന്നുകഴിഞ്ഞു.കാമുകിയുടെ വിവാദ സ്ഥാനക്കയറ്റത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടമാകുന്ന നിലവിലെ പ്രസിഡന്‍റ് പോള്‍ വോള്‍ഫോവിച്ചിന്‍റെ പിന്‍‌ഗാമിയെ കണ്ടെത്താന്‍ ബുഷ് ഭരണകൂടം ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഈ മാസം 30ന് വോള്‍ഫോവിച്ച് സ്ഥാനം ഒഴിയും. ബ്ലെയറിന്‍റെ പേരും പരിഗണനയിലുള്ളതായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോ സ്റ്റിഗ്ലിറ്റ്സ് പറയുന്നു.
(ഉറവിടം - വെബ്‌ദുനിയ)

Wednesday, May 16, 2007

പുതിയ ഹാന്‍‌ഡ് സെറ്റുകളുമായി നോക്കിയ



മൊബൈല്‍ വിപണന രംഗത്ത് എതിരാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ വിലകുറഞ്ഞ ആധുനിക ഫോണുകളുമായി പ്രമുഖ കമ്പനിയായ നോക്കിയ രംഗത്ത്. ഇന്ത്യന്‍ മൊബൈല്‍ വിപണന രംഗത്ത് നിര്‍ണായക സ്വാധീനമുള്ള നോക്കിയയുടെ പുതിയ ഇനങ്ങളായ നോക്കിയ 2630 ലും നോക്കിയ 2670 ലും ബ്ലൂടൂത്ത്, ജി പി ആര്‍ എസ്, വി ജി എ കാമറ, എഫ് എം, എം പി -3 എന്നീ സവിശേഷതകളെല്ലാം ലഭ്യമാണ്. പരമാവധി 5000 രൂപയാണ് ഈ ഹാന്‍ഡ് സെറ്റുകളുടെ വില. നോക്കിയ 2630 ല്‍ വീഡിയോ റെക്കോര്‍ഡിംഗ് സൌകര്യം കൂടി ലഭ്യമാകും. ഫ്ലാഷ് ലൈറ്റും കളര്‍ സ്ക്രീനുമുള്ള നോക്കിയ 1200, നോക്കിയ 1208 എന്നിവയാണ് മറ്റ് രണ്ട് പുതിയ മോഡലുകള്‍. 3000 രൂപയാണ് ഈ ഫോണുകളുടെ വില.



(ഉറവിടം - വെബ്‌ദുനിയ)

പ്രേക്ഷകര്‍ക്കൊരു വിനോദയാത്ര


ഉത്സവകാലത്ത് ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്ന മലയാള പ്രേക്ഷകര്‍ ആദ്യം തിരയുന്ന ഒരു കാര്യമുണ്ട്. പുതിയ ചിത്രങ്ങളുടെ സംവിധായകരില്‍ ‘സത്യന്‍ അന്തിക്കാട്’ എന്ന പേരുണ്ടോ എന്ന്. ആ പേര് ഒരു ഗ്യാരണ്ടിയാണ്. വിനോദയാത്ര എന്ന സത്യന്‍ ചിത്രവും പ്രേക്ഷകരെ രസിപ്പിക്കുന്നു. സത്യന്‍ തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച രണ്ടാമത്തെ ചിത്രമാണ് വിനോദയാത്ര.‘വിനോദയാത്ര’ എന്നാല്‍ വിനോദിന്‍റെ യാത്ര.

ദിലീപ് അവതരിപ്പിക്കുന്ന വിനോദ് എന്ന നായക കഥാപാത്രം ഉത്തരവാദിത്ത ബോധമില്ലാത്ത തന്‍റെ ജീവിതത്തില്‍ നിന്നും പക്വതയുള്ള ഒരു യുവാവിലേക്ക് നടത്തുന്ന യാത്രയാണിത്. അവന്‍റെ ജീവിതത്തിന് താങ്ങാകുന്ന കുറെ കഥാപാത്രങ്ങള്‍. ദിലീപിന് നായികയാവുന്നത് മീര ജാസ്മിനാണ്. മീരയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ അനുപമ.സത്യന്‍ അന്തിക്കാടിന്‍റെ മിക്ക ചിത്രങ്ങളിലെയും എന്ന പോലെ വിനോദയാത്രയിലെ നായകനും അഭ്യസ്തവിദ്യനായ തൊഴില്‍ രഹിതനാണ്. വൈറ്റ്കോളര്‍ ജോലി ഇല്ലെങ്കില്‍ മറ്റൊരു ജോലിയും വേണ്ട എന്ന സ്വഭാവം. ‘ആത്മാഭിമാനമുള്ളവര്‍ക്ക് അവിടെ ജോലി ചെയ്യാനാവില്ല’ എന്നാ‍ണ് ഗള്‍ഫിലെ ജോലി വേണ്ടെന്നു വയ്ക്കുന്നതിന് കാരണമായി വിനോദ് പറയുന്നത്. വിനോദിന്‍റെ ഈ സ്വഭാവം മാറ്റിയെടുക്കാനായാണ് അച്ഛന്‍ അവനെ മൂത്ത മകളുടെയും ഭര്‍ത്താവിന്‍റെയും അടുക്കലേക്ക് അയയ്‌ക്കുന്നത്.പുലിയെ പിടിക്കാന്‍ വന്നവന്‍ പുലിയെക്കാള്‍ വലിയ ശല്യമായി മാറിയെന്ന് പറയുന്ന പോലെ വിനോദ് അളിയനായ ഷാജി രാഘവന് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്‌ടിക്കുകയാണ്.

മുകേഷാണ് ഷാജി എന്ന കഥാപാത്രമാകുന്നത്. മുകേഷിന്‍റെ ഭാര്യയായി സീതയും. മുകേഷിന്‍റെ സഹോദരിയായി പാര്‍വതി(നോട്ടുബുക്ക് ഫെയിം) അഭിനയിക്കുന്നു.നായികയായ അനുപമയെ വിനോദ് കണ്ടുമുട്ടുന്നത് യാദൃശ്ചികമായാണ്. റയില്‍‌വേസ്റ്റേഷനില്‍ തുടങ്ങുന്ന അവരുടെ സീക്വന്‍സുകള്‍ മനോഹരമായാണ് സത്യന്‍ ചിത്രീകരിച്ചിരിക്കുന്നത്. അനുപമ വിനോദിനെ ജീവിതം എന്തെന്ന് പഠിപ്പിക്കുന്നു. പാകം വന്ന തിരക്കഥയാണ് ഈ സിനിമയുടേത്. മുഹൂര്‍ത്തങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ സത്യന്‍ വിജയിച്ചിരിക്കുന്നു.എസ് കുമാറാണ് വിനോദയാത്രയുടെ ക്യാമറ. ലാളിത്യമുള്ള ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഇളയരാജയാണ്.എല്ലാ ഗുണങ്ങളുമുണ്ടെങ്കിലും ഒരു കുറവ് വിനോദയാത്രയുടെ തിളക്കത്തിന് മാറ്റുകുറച്ചു. അന്തിക്കാട് ചിത്രങ്ങളില്‍ സ്ഥിര സാന്നിധ്യമായിരുന്ന ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍ എന്ന മഹാനടന്‍റെ അഭാവം.

ജി സര്‍ക്കാര്‍
(ഉറവിടം - വെബ്‌ദുനിയ)

വ്യായാമം ശാസ്ത്രീയമായി


വ്യായാമം ചെയ്യാതിരിക്കുന്നതു പോലെ തന്നെ അപകടകരമാണ്‌ അശാസ്ത്രീയമായ രീതിയില്‍ വ്യായാമം ചെയ്യുന്നതും. ഓരോരുത്തരും അവനവനിണങ്ങുന്ന വ്യായാമ രീതി തെരഞ്ഞടുക്കുന്നതാണ് ഉചിതം.അസുഖങ്ങളെ പ്രതിരോധിക്കാനും ആരോഗ്യം നിലനിര്‍ത്താനുമെല്ലാമാണ്‌ പലരും വ്യായാമം ചെയ്യുന്നത്‌. തടി കുറയ്ക്കാനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും വ്യായാമം ചെയ്യുന്നവരുമുണ്ട്‌. പലരും തികച്ചും അനാരോഗ്യകരമായാണ്‌ വ്യായാമം ചെയ്യുന്നത്‌. ഇതേപ്പറ്റി ഇവര്‍ അല്‍പം പോലും ബോധവാന്മാരല്ലയെന്നതാണ്‌ യാഥാര്‍ത്ഥ്യം.പെട്ടെന്നൊരു ദിവസം കഠിന വ്യായാമം ആരംഭിക്കുന്നത് തെറ്റാണ്‌. ആദ്യ ദിവസങ്ങളില്‍ കുറച്ചു സമയം മാത്രം ചെയ്ത്‌ ക്രമേണ വ്യായാമ സമയം വര്‍ദ്ധിപ്പിക്കുന്നതാണ്‌ ഉചിതം. മുടങ്ങാതെ ചെയ്യുന്ന വ്യായാമമാണ്‌ ശരീരത്തിന്‌ പ്രയോജനം ചെയ്യുക. വ്യായാമം എല്ലാ ദിവസവും രാവിലെ കൃത്യസമയത്ത്‌ ചെയ്യുന്നതാണ്‌ കൂടുതല്‍ നല്ലത്‌.ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യരുത്‌. രോഗിയായിരിക്കുമ്പോഴും വ്യായാമങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കണം. പനി പോലുള്ള രോഗങ്ങള്‍ പൂര്‍ണ്ണമായി വിട്ടുമാറിയതിനു ശേഷം മാത്രമെ കഠിനമായ വ്യായാമങ്ങള്‍ ആരംഭിക്കാവൂ. വ്യായാമത്തിനിടെ ഛര്‍ദ്ദി, കഠിനമായ പേശീ വേദന എന്നിവ ഉണ്ടായാല്‍ വ്യായാമം നിര്‍ത്തി ഡോക്ടറുടെ ഉപദേശം തേടിയതിനു ശേഷം മാത്രം തുടരുക. രോഗികളും ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നവരുമെല്ലാം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ വ്യായാമം ചെയ്യാവൂ. ആരോഗ്യത്തിനായി ചെയ്യുന്ന വ്യായാമം ഒരിക്കലും അനാരോഗ്യം വരുത്തിവയ്ക്കരുതെന്ന്‌ ചുരുക്കം.

(ഉറവിടം - വെബ്‌ദുനിയ)

ലഹരികുറയ്ക്കൂ, കരളിനെ സ്നേഹിക്കൂ


അമിത മദ്യപാനം കുടുംബ ബന്ധത്തെ ക്ഷയിപ്പിക്കുംപോലെ സ്വജീവനും അപകടമാണ്.ശരീരത്തിലെ വിഷാംശങ്ങള്‍ ശുദ്ധീകരിക്കുന്ന ഗ്രന്ഥിയാണ് കരള്‍. കരളിന്‍റെ പ്രവര്‍ത്തനം നിലച്ചാല്‍ അത് ശരീര പ്രവര്‍ത്തനങ്ങളെ ഒന്നടങ്കം ബാധിക്കും. കരളിനെ ബാധിക്കാവുന്ന ഗുരുതരമായ ഒരു രോഗമാണ് സിറോസിസ് അഥവാ കരള്‍ വീക്കം.അമിത മദ്യപാനമാണ് സിറോസിസിനു മുഖ്യ കാരണം. കരളിലെ കോശങ്ങള്‍ നശിച്ച് കരള്‍ വീക്കവും പഴുപ്പും ഉണ്ടാവുന്ന രോഗാവസ്ഥയാണ് സിറോസിസ്. സിറോസിസ് ബാധിക്കുന്നതോടെ കരളിന്‍റെ സ്വാഭാവിക പ്രവര്‍ത്തനം തടസ്സപ്പെടുകയും ശരീരത്തിലെ മാലിന്യങ്ങള്‍ ശുദ്ധീകരിക്കാതെ കിടക്കുകയും ചെയ്യും.സിറോസിസ് ഗുരുതരമാവുന്നതോടെ രോഗി അബോധാവസ്ഥയില്‍ എത്തുകയും മരണം സംഭവിക്കുകയും ചെയ്യും. അടിവയറ്റില്‍ വേദന, ആന്തരിക രക്തസ്രാവം, മഞ്ഞപ്പിത്തം, ഛര്‍ദ്ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.രക്തം, കഫം, മൂത്രം എന്നിവയുടെ പരിശോധനയിലൂടെ രോഗ നിര്‍ണ്ണയം നടത്താ‍വുന്നതാണ്. മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കി കരളിന് വിശ്രമം നല്‍കുന്നത് രോഗമുക്തിക്ക് സഹായിക്കും.

(ഉറവിടം - വെബ്‌ദുനിയ)

കര്‍ഷകന് ഉണര്‍ത്തുപാട്ടായി പത്താമുദയം


കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ആചാരങ്ങളിലൊന്നാണ് പത്താമുദയം. മേടം, തുലാം മാസങ്ങളിലെ പത്താമത്തെ ദിവസമാണ് പത്താമുദയം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. തുലാ മാസത്തിലെ പത്താമുദയം തുലാപ്പത്ത് എന്ന പേരിലാണ് പ്രസിദ്ധം. അതിനാല്‍ തന്നെ മേടപ്പത്താണ് പൊതുവെ പത്താമുദയം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. കര്‍ഷകര്‍ വിത്തിറക്കുക പത്താമുദയം നാളിലാണ്. വിഷുവിനെന്ന പോലെ പത്താമുദയം നാളിലും പുലരും മുമ്പേ എഴുന്നേറ്റ് കണികണ്ട് കന്നുകാലികളെ ദീപം കാണിക്കുന്ന ചടങ്ങ് ആദ്യ കാലങ്ങളില്‍ നിലവിലുണ്ടായിരുന്നു. വയനാട്ടില്‍ കുറിച്യ സമുദായക്കാര്‍ പത്താമുദയം നാളിലാണ് ആയോധന കലകളുടെ പ്രദര്‍ശനം നടത്താറുള്ളത്.വെള്ളിമുറം കാണിക്കുക എന്ന ചടങ്ങാ‍ണ് പത്താമുദയവുമായി ബന്ധപ്പെട്ടുള്ള മറ്റൊരു പ്രധാന ആചാരം. ഉണക്കലരി പൊടിച്ച് തരി രൂപത്തിലാക്കി മുറത്തിലാക്കി സ്ത്രീകള്‍ സൂര്യനെ അഭിമുഖീകരിച്ച് കിഴക്കോട്ട് തിരിഞ്ഞ് വിളക്കുകൊളുത്തി മുറ്റത്ത് വയ്ക്കുന്നു. പുലര്‍കാലെ സൂര്യന്‍ ഉദിച്ചുയരുന്ന സമയത്താണ് ഇത് നടക്കുക. ഉദയം പൂര്‍ണമാകുമ്പോള്‍ ഈ അരിപ്പൊടി കൊണ്ട് പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കും.

ജി.കെ
(ഉറവിടം - വെബ്‌ദുനിയ)

ചെമ്മീന്‍ ഫ്രൈ


വേണ്ട സാധനങ്ങള്‍ചെമ്മീന്‍ -- 250സബോള -- 2വെളുത്തുള്ളി -- 7 അല്ലിഇഞ്ചി -- ഒരു ചെറിയ കഷണംകറിവേപ്പില -- 2 തണ്ട്മുളകുപൊടി -- 2 ടീസ്പൂണ്‍മല്ലിപൊടി -- 2 ടീസ്പൂണ്‍ഗരം മസാല -- 1 ടീസ്പൂണ്‍മുട്ട -- 2എണ്ണ -- 3 ടീസ്പൂണ്‍പാകം ചെയ്യുന്ന വിധംചെമ്മീന്‍ 1 ടീസ്പൂണ്‍ മുളകുപൊടിയും, മല്ലിപൊടിയും, ഉപ്പും ചേര്‍ത്ത് 30 മിനിറ്റ് വെക്കുക. ചീനചട്ടിയില്‍ എണ്ണയൊഴിച്ച് നല്ലതുപോലെ ചൂടാകുബോള്‍ അതിലേക്ക് മസാല ചേര്‍ത്തുവെച്ചിരിക്കുന്ന ചെമ്മീന്‍ ഇട്ട് നല്ല ബ്രൌണ്‍നിറം വരുന്നതുവരെ ഇളക്കുക. ഇതിലേക്ക് വളരെ ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന സബോളയും, ഇഞ്ചിയും, വെളുത്തുള്ളിയും, കറിവേപ്പിലയും, മുളകുപൊടിയും, മല്ലിപൊടിയും ചേര്‍ത്ത് ഇളക്കുക. നല്ലപോലെ മൊരിഞ്ഞു വരുബോള്‍ മുട്ട അടിച്ച് ഒഴിക്കുക. നല്ലപോലെ ഇളക്കിയതിനു ശേഷം ഗരം മസാല ചേര്‍ത്ത് വീണ്ടും 5 മിനിറ്റ് ഇളക്കുക. സ്വാദിഷ്ടമായ ചെമ്മിന്‍ ഫ്രൈ തയ്യാര്‍.ജെയ്സി ലൂയിസ്മലയാളികളുടെ തീന്‍ മേശകള്‍ ഭാവിയില്‍ കീഴടക്കാന്‍ പോകുന്നത് ജെയ്‌സി ലൂയിസിന്‍റെ ഭാവനയില്‍ വിരിഞ്ഞ വിഭവങ്ങളായിരിക്കും. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ, രുചിയിലും കാഴ്ചയിലും മുന്നില്‍ നില്‍ക്കുന്ന ഐറ്റങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ജെയ്സിയുടെ പ്രത്യേകത. ഒട്ടേറെ പ്രമുഖ വെബ് പോര്‍ട്ടലുകളുടെ മുഖ്യ ആകര്‍ഷണം ജെയ്സിയുടെ പാചകക്കുറിപ്പുകളാണ്.

ജെയ്സി ലൂയിസ്
(ഉറവിടം - വെബ്‌ദുനിയ)

ശിവകാമിയുടെ മരണം



‘ഞാനിപ്പോള്‍ കഴിച്ച ബിയറില്‍ ഞാന്‍‌ തന്നെ വിഷം കലര്‍ത്തിയിരുന്നു‍, രണ്ട്‌ മണിക്കൂറിനുള്ളില്‍ ഞാന്‍ മരിക്കും'.ശിവകാമി തമാശ പറയാറില്ലെന്നും ഇത്തരം കാര്യങ്ങള്‍ ഇത്രമാത്രം ലാഘവത്തോടെ മാത്രമേ അവള്‍ പറഞ്ഞിട്ടു‍ള്ളൂ എന്നും രഘുവിന്‌ അറിയാമായിരുന്നു‍. വാക്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ അവള്‍ക്ക്‌ തെറ്റാറില്ല എന്നറിയാമായിരുന്നിട്ടും രഘു വെറുതെ എന്തോ ഓര്‍ത്തു ഭയന്നു.‘നീയിപ്പോള്‍ കുടിച്ച ബിയറില്‍ ഞാന്‍ വിഷം കലര്‍ത്തിയിരുന്നു‍, നീ രണ്ടു മണിക്കൂറിനുള്ളില്‍ മരിക്കും' എന്നല്ല ശിവകാമി പറഞ്ഞതെന്ന്‌ അവളുടെ വാചകം മനസ്സില്‍ ഒന്നു‍കൂടി കേട്ട്‌ അയാള്‍ ഉറപ്പിച്ചു. നീയും ഞാനും തമ്മിലുള്ള അന്തരത്തെക്കുറിച്ച്‌ അടുത്തയാഴ്ച ഒരു ലേഘനമെഴുതി സെല്‍വന്‍റെ ചെറുപത്രികയ്ക്ക്‌ നല്‍കണം എന്ന്‌ തീരുമാനിച്ചു.ഒരു ഞെട്ടല്‍ ശിവകാമി പ്രതീക്ഷിച്ചിരുന്നി‍ല്ല. നഗരത്തില്‍ അടുത്തിടെ ആരൊക്കെയോ ചേര്‍ന്നു രൂപീകരിച്ച ‘റൈറ്റേഴ്സ്‌ കോര്‍ണര്‍' എന്ന എഴുത്തുസംഘത്തെക്കുറിച്ചാണ്‌ അവള്‍ അതുവരെ പറഞ്ഞുകൊണ്ടിരുത്‌. ഏറെക്കാലം പ്രസാധകരെ തിരക്കിയലഞ്ഞ തന്‍റെ പുസ്തകം അവര്‍ പ്രസിദ്ധീകരിച്ചേക്കുമെന്ന് അവള്‍ പറഞ്ഞിരുന്നു‍. അതിനിടയില്‍ അത്ര നിസ്സാരമായി വന്ന ആ വാചകം ആരെയും ഒന്നമ്പരപ്പിക്കേണ്ടതാണ്‌. ആ അമ്പരപ്പ്‌ പക്ഷേ തങ്ങള്‍ക്കിടയില്‍ ഉണ്ടാകില്ല എന്ന്‌ ശിവകാമിക്കും രഘുവിനും അറിയാമായിരുന്നു‍. പക്ഷേ, രഘു ഞെട്ടി‍യ ഞെട്ടല്‍ അവന്‍ പുറത്തുകാണിക്കാ‍തിരുന്നത്‌ ശിവകാമി അറിഞ്ഞില്ല. അത്‌ അവള്‍ക്ക്‌ അവനെക്കുറിച്ചുള്ള അമിതധാരണകളുടെ ഫലമായി സംഭവിച്ചതാണ്‌.കൃത്യം രണ്ടുമണിക്കൂറിനുശേഷം രഘു മരിച്ചു. മനുഷ്യശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ശിവകാമിയുടെ അഗാധമായ അറിവില്‍ അവന്‍ സന്തോഷിച്ചു. ഒരിക്കല്‍ ഇതുപോലെ അവന്‍ അവളെ കൊന്നപ്പോള്‍ ഒരുമണിക്കൂര്‍ കൊണ്ട്‌ അവള്‍ മരിക്കുകയും അവന്‍റെ ധാരണയില്ലായ്മയില്‍ ദുഃഖിക്കുകയും ചെയ്തിരുന്നു‍.


ലതീഷ്മോഹന്‍
(ഉറവിടം - വെബ്‌ദുനിയ)

അക്ക്വേഷ്യകള്‍ പൂക്കുന്ന കാലം


കപ്പല്‍ ഛേദം വന്ന നാവികന് കടല്‍ ഒരു ദുരന്തമായിരിക്കാം. തോണി അര്‍ഥഗര്‍ഭമായ ഒരു മൌനവും...കടല്‍ക്കാറ്റിന്‍റെ നനുത്ത ഗന്ധം നിറഞ്ഞു നില്‍ക്കുന്ന ആ പ്രദേശത്തേക്ക് എന്തൊക്കെയോ ലക്‍ഷ്യങ്ങളുമായി നടന്നു നീങ്ങുമ്പോള്‍ മനസ് ശൂന്യമായിരുന്നു.ഒരു ഓണാഘോഷത്തിന്‍റെ തിരക്കിനിടയിലാണ് ഞാന്‍ ആദ്യമായി ആ ക്ലാസ് റൂമിലേക്ക് ചെന്ന് കയറുന്നത്. പരിചിതമായ മുഖങ്ങളേക്കാള്‍ അപരിചിതമായ മുഖങ്ങളാണേറെ. “എന്താ ചേട്ടാ ഇവിടെ” എന്ന ചോദ്യവുമായി ഒരു പരിചയക്കാരി വന്നപ്പോള്‍ ഈ ക്ലാസിലെ പുതിയ അംഗം ആണെന്നറിയിച്ചു. എല്ലാവരും ഓണാഘോഷ തിരക്കുകളില്‍. ഞാന്‍ എന്താ ചെയ്യണ്ടേ? ഒടുവില്‍ അത്തമിടാന്‍ സഹായിക്കാമെന്നു വച്ചു. സഹായിച്ചു, അപ്പോള്‍ ധാരാളം പേര്‍ പിന്നെയും പരിചയപ്പെടാന്‍ എത്തി. "അങ്ങനെ ഈ നരകത്തിലേക്ക് ഒരു ഹതഭാഗ്യന്‍ കൂടി" എന്ന് ആരോ പറയുന്നത് കേട്ടു. ആ മുഖം ഒന്ന് ഓര്‍ത്തു വച്ചു. പിന്നീടാണ് അറിയുന്നത് അവന്‍ എന്‍റെ നാട്ടുക്കാരനാണെന്ന് . കൊള്ളാം! അങ്ങനെ ഒരു അയല്‍ക്കാരനെ കിട്ടി. പിന്നെ അവനുമായി ചങ്ങാത്തം ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. പിടി തരുന്നില്ല. ഇനി 10 ദിവസം അവധിയാണ് . ഓണം പതിവുപൊലെ കടന്നു പോയി... ക്ലാസ് ആരംഭിച്ചപ്പോള്‍ കണിശക്കാരിയായ ടീച്ചറിന്‍റെ വക മുന്നറിയിപ്പ് “ഇവിടെ വരുന്നത് പഠിക്കാനാണെന്നത് ഓര്‍മ്മ വേണം“വിപ്ലവത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല പ്രണയത്തിന്‍റെ കാര്യത്തിലും ആ കലാലയം ഒരു ഉഷ്‌ണമേഖലയായിരുന്നു. അക്ക്വേഷ്യയുടെ ചുവട്ടില്‍ നിന്നും പൊട്ടി മുളയ്ക്കുന്ന മരം ചുറ്റി പ്രണയങ്ങള്‍. എല്ലാത്തിനും സാക്ഷിയായി വിദേശികള്‍ സമ്മാനിച്ച പാപം... ആര്‍ക്കും ഒരു ഉപയോഗവുമില്ലാത്ത അക്ക്വേഷ്യ... പക്ഷേ എന്‍റെ ജീവിതത്തിലേക്ക് മറ്റൊരു പൂക്കാലം കൂടി വന്നെത്തി... അക്ക്വേഷ്യകള്‍ പൂക്കുന്ന കാലം....ആ അക്ക്വേഷ്യയുടെ ചുവട്ടില്‍ ഇരുന്ന് ഞാനും ശൂന്യമായ ആകാശത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി...“നീയറിഞ്ഞോ നമ്മുടെ മയില്‍പ്പീലികള്‍ പെറ്റുആയിരം കുഞ്ഞുങ്ങള്‍....പുകച്ചും തുമിച്ചും നീങ്ങുന്ന ബസ്സില്‍ തോളോട് തോളുരുമി യാത്ര ചെയ്യുമ്പോള്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് അര്‍ഥമുണ്ടെന്ന് കരുതി...അപ്പോള്‍ മുതലാണ് ഒരു ഫോണ്‍ കോളിനും ഒരു ഉമ്മയ്ക്കും എന്‍റെ ജീവിതത്തില്‍ എത്ര പ്രാധാന്യമുണ്ടെന്ന് ഞാന്‍ മനസിലാക്കിയത്.... വെളുത്ത കടലാസില്‍ ചുവന്ന ഛായങ്ങള്‍ കൊണ്ട് പ്രണയജീവിതം ദൃഡമാക്കുമ്പോള്‍ ഒരിക്കലും വേര്‍പ്പാടിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല.... പക്ഷേ... ആ ദിനം വന്നെത്തി.... പുകതുപ്പി നീങ്ങുന്ന ആ ബസ്സില്‍ ഇരുന്നു തന്നെ എന്നോട് അവള്‍ അവസാന യാത്രയും ചോദിച്ചു.... ഇനി കാണുമെന്ന പ്രതീക്ഷ ഇല്ലാതെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി...യാത്ര ആരംഭിച്ചു. കൂടെ എന്‍റെ സര്‍ട്ടിഫിക്കറ്റ് ചുവന്ന വരകളും അക്കങ്ങളും നിറഞ്ഞ സര്‍ട്ടിഫിക്കറ്റ്...ലക്‌ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയോ അറിയില്ല... അപ്പോഴും എന്‍റെ മനസ്സ് ശൂന്യമായിരുന്നു....
വിനോദ് എസ് എസ്
(ഉറവിടം - വെബ്‌ദുനിയ)

യാത്ര...


മാലോകരേ... ‘പുലരിയില്‍’ പാട്ടുണരാത്ത ഒരു പകല്‍ കടന്നുപോയി. മധു പകര്‍ന്നും മലര്‍ ചൊരിഞ്ഞും മലയാളത്തെ പുളകം കൊള്ളിച്ച ഭാസ്കരന്‍ മാഷ് ജ്വലിക്കുന്ന ഓര്‍മ്മയായി. പത്തു നിമിഷത്തിന്‍റ അകലത്തില്‍ മാഷിന്റെ വിറങ്ങലിച്ച ദേഹമുണ്ടായിരുന്നു. ദേഹിയകന്ന ദേഹത്തെ കാണാന്‍ മനസ്സ് അനുവദിച്ചില്ല. ഇനിയൊരിക്കലും തേജസുറ്റ ആ മുഖം കാണാനാവില്ലെന്ന സത്യം സങ്കടിപ്പിച്ചു. അനന്തപുരി എഫ്.എമ്മില്‍ രാവിലെ മുതല്‍ മാഷ് ടെ പാട്ടുകള്‍ ഉണ്ടായിരുന്നു. വെറുതെ പാട്ടുകേട്ടു കിടന്നപ്പോള്‍ കരളില്‍ നിന്നൊരു കിളികൂടി പറന്നുപോയതു പോലെ... ഖള്‍ബിലേ പഞ്ചാരപനംതത്ത ഇനി മാനത്തെക്കായലില്‍ താരകനാരിമാര്‍ക്കൊപ്പം ഉദിച്ചു നില്‍ക്കും... ആ കാഴ്ച മതിയെനിക്ക്...