Wednesday, May 16, 2007

വ്യായാമം ശാസ്ത്രീയമായി


വ്യായാമം ചെയ്യാതിരിക്കുന്നതു പോലെ തന്നെ അപകടകരമാണ്‌ അശാസ്ത്രീയമായ രീതിയില്‍ വ്യായാമം ചെയ്യുന്നതും. ഓരോരുത്തരും അവനവനിണങ്ങുന്ന വ്യായാമ രീതി തെരഞ്ഞടുക്കുന്നതാണ് ഉചിതം.അസുഖങ്ങളെ പ്രതിരോധിക്കാനും ആരോഗ്യം നിലനിര്‍ത്താനുമെല്ലാമാണ്‌ പലരും വ്യായാമം ചെയ്യുന്നത്‌. തടി കുറയ്ക്കാനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും വ്യായാമം ചെയ്യുന്നവരുമുണ്ട്‌. പലരും തികച്ചും അനാരോഗ്യകരമായാണ്‌ വ്യായാമം ചെയ്യുന്നത്‌. ഇതേപ്പറ്റി ഇവര്‍ അല്‍പം പോലും ബോധവാന്മാരല്ലയെന്നതാണ്‌ യാഥാര്‍ത്ഥ്യം.പെട്ടെന്നൊരു ദിവസം കഠിന വ്യായാമം ആരംഭിക്കുന്നത് തെറ്റാണ്‌. ആദ്യ ദിവസങ്ങളില്‍ കുറച്ചു സമയം മാത്രം ചെയ്ത്‌ ക്രമേണ വ്യായാമ സമയം വര്‍ദ്ധിപ്പിക്കുന്നതാണ്‌ ഉചിതം. മുടങ്ങാതെ ചെയ്യുന്ന വ്യായാമമാണ്‌ ശരീരത്തിന്‌ പ്രയോജനം ചെയ്യുക. വ്യായാമം എല്ലാ ദിവസവും രാവിലെ കൃത്യസമയത്ത്‌ ചെയ്യുന്നതാണ്‌ കൂടുതല്‍ നല്ലത്‌.ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യരുത്‌. രോഗിയായിരിക്കുമ്പോഴും വ്യായാമങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കണം. പനി പോലുള്ള രോഗങ്ങള്‍ പൂര്‍ണ്ണമായി വിട്ടുമാറിയതിനു ശേഷം മാത്രമെ കഠിനമായ വ്യായാമങ്ങള്‍ ആരംഭിക്കാവൂ. വ്യായാമത്തിനിടെ ഛര്‍ദ്ദി, കഠിനമായ പേശീ വേദന എന്നിവ ഉണ്ടായാല്‍ വ്യായാമം നിര്‍ത്തി ഡോക്ടറുടെ ഉപദേശം തേടിയതിനു ശേഷം മാത്രം തുടരുക. രോഗികളും ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നവരുമെല്ലാം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ വ്യായാമം ചെയ്യാവൂ. ആരോഗ്യത്തിനായി ചെയ്യുന്ന വ്യായാമം ഒരിക്കലും അനാരോഗ്യം വരുത്തിവയ്ക്കരുതെന്ന്‌ ചുരുക്കം.

(ഉറവിടം - വെബ്‌ദുനിയ)

No comments: