Wednesday, May 16, 2007

കര്‍ഷകന് ഉണര്‍ത്തുപാട്ടായി പത്താമുദയം


കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ആചാരങ്ങളിലൊന്നാണ് പത്താമുദയം. മേടം, തുലാം മാസങ്ങളിലെ പത്താമത്തെ ദിവസമാണ് പത്താമുദയം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. തുലാ മാസത്തിലെ പത്താമുദയം തുലാപ്പത്ത് എന്ന പേരിലാണ് പ്രസിദ്ധം. അതിനാല്‍ തന്നെ മേടപ്പത്താണ് പൊതുവെ പത്താമുദയം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. കര്‍ഷകര്‍ വിത്തിറക്കുക പത്താമുദയം നാളിലാണ്. വിഷുവിനെന്ന പോലെ പത്താമുദയം നാളിലും പുലരും മുമ്പേ എഴുന്നേറ്റ് കണികണ്ട് കന്നുകാലികളെ ദീപം കാണിക്കുന്ന ചടങ്ങ് ആദ്യ കാലങ്ങളില്‍ നിലവിലുണ്ടായിരുന്നു. വയനാട്ടില്‍ കുറിച്യ സമുദായക്കാര്‍ പത്താമുദയം നാളിലാണ് ആയോധന കലകളുടെ പ്രദര്‍ശനം നടത്താറുള്ളത്.വെള്ളിമുറം കാണിക്കുക എന്ന ചടങ്ങാ‍ണ് പത്താമുദയവുമായി ബന്ധപ്പെട്ടുള്ള മറ്റൊരു പ്രധാന ആചാരം. ഉണക്കലരി പൊടിച്ച് തരി രൂപത്തിലാക്കി മുറത്തിലാക്കി സ്ത്രീകള്‍ സൂര്യനെ അഭിമുഖീകരിച്ച് കിഴക്കോട്ട് തിരിഞ്ഞ് വിളക്കുകൊളുത്തി മുറ്റത്ത് വയ്ക്കുന്നു. പുലര്‍കാലെ സൂര്യന്‍ ഉദിച്ചുയരുന്ന സമയത്താണ് ഇത് നടക്കുക. ഉദയം പൂര്‍ണമാകുമ്പോള്‍ ഈ അരിപ്പൊടി കൊണ്ട് പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കും.

ജി.കെ
(ഉറവിടം - വെബ്‌ദുനിയ)

No comments: