Wednesday, May 16, 2007

പ്രേക്ഷകര്‍ക്കൊരു വിനോദയാത്ര


ഉത്സവകാലത്ത് ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്ന മലയാള പ്രേക്ഷകര്‍ ആദ്യം തിരയുന്ന ഒരു കാര്യമുണ്ട്. പുതിയ ചിത്രങ്ങളുടെ സംവിധായകരില്‍ ‘സത്യന്‍ അന്തിക്കാട്’ എന്ന പേരുണ്ടോ എന്ന്. ആ പേര് ഒരു ഗ്യാരണ്ടിയാണ്. വിനോദയാത്ര എന്ന സത്യന്‍ ചിത്രവും പ്രേക്ഷകരെ രസിപ്പിക്കുന്നു. സത്യന്‍ തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച രണ്ടാമത്തെ ചിത്രമാണ് വിനോദയാത്ര.‘വിനോദയാത്ര’ എന്നാല്‍ വിനോദിന്‍റെ യാത്ര.

ദിലീപ് അവതരിപ്പിക്കുന്ന വിനോദ് എന്ന നായക കഥാപാത്രം ഉത്തരവാദിത്ത ബോധമില്ലാത്ത തന്‍റെ ജീവിതത്തില്‍ നിന്നും പക്വതയുള്ള ഒരു യുവാവിലേക്ക് നടത്തുന്ന യാത്രയാണിത്. അവന്‍റെ ജീവിതത്തിന് താങ്ങാകുന്ന കുറെ കഥാപാത്രങ്ങള്‍. ദിലീപിന് നായികയാവുന്നത് മീര ജാസ്മിനാണ്. മീരയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ അനുപമ.സത്യന്‍ അന്തിക്കാടിന്‍റെ മിക്ക ചിത്രങ്ങളിലെയും എന്ന പോലെ വിനോദയാത്രയിലെ നായകനും അഭ്യസ്തവിദ്യനായ തൊഴില്‍ രഹിതനാണ്. വൈറ്റ്കോളര്‍ ജോലി ഇല്ലെങ്കില്‍ മറ്റൊരു ജോലിയും വേണ്ട എന്ന സ്വഭാവം. ‘ആത്മാഭിമാനമുള്ളവര്‍ക്ക് അവിടെ ജോലി ചെയ്യാനാവില്ല’ എന്നാ‍ണ് ഗള്‍ഫിലെ ജോലി വേണ്ടെന്നു വയ്ക്കുന്നതിന് കാരണമായി വിനോദ് പറയുന്നത്. വിനോദിന്‍റെ ഈ സ്വഭാവം മാറ്റിയെടുക്കാനായാണ് അച്ഛന്‍ അവനെ മൂത്ത മകളുടെയും ഭര്‍ത്താവിന്‍റെയും അടുക്കലേക്ക് അയയ്‌ക്കുന്നത്.പുലിയെ പിടിക്കാന്‍ വന്നവന്‍ പുലിയെക്കാള്‍ വലിയ ശല്യമായി മാറിയെന്ന് പറയുന്ന പോലെ വിനോദ് അളിയനായ ഷാജി രാഘവന് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്‌ടിക്കുകയാണ്.

മുകേഷാണ് ഷാജി എന്ന കഥാപാത്രമാകുന്നത്. മുകേഷിന്‍റെ ഭാര്യയായി സീതയും. മുകേഷിന്‍റെ സഹോദരിയായി പാര്‍വതി(നോട്ടുബുക്ക് ഫെയിം) അഭിനയിക്കുന്നു.നായികയായ അനുപമയെ വിനോദ് കണ്ടുമുട്ടുന്നത് യാദൃശ്ചികമായാണ്. റയില്‍‌വേസ്റ്റേഷനില്‍ തുടങ്ങുന്ന അവരുടെ സീക്വന്‍സുകള്‍ മനോഹരമായാണ് സത്യന്‍ ചിത്രീകരിച്ചിരിക്കുന്നത്. അനുപമ വിനോദിനെ ജീവിതം എന്തെന്ന് പഠിപ്പിക്കുന്നു. പാകം വന്ന തിരക്കഥയാണ് ഈ സിനിമയുടേത്. മുഹൂര്‍ത്തങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ സത്യന്‍ വിജയിച്ചിരിക്കുന്നു.എസ് കുമാറാണ് വിനോദയാത്രയുടെ ക്യാമറ. ലാളിത്യമുള്ള ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഇളയരാജയാണ്.എല്ലാ ഗുണങ്ങളുമുണ്ടെങ്കിലും ഒരു കുറവ് വിനോദയാത്രയുടെ തിളക്കത്തിന് മാറ്റുകുറച്ചു. അന്തിക്കാട് ചിത്രങ്ങളില്‍ സ്ഥിര സാന്നിധ്യമായിരുന്ന ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍ എന്ന മഹാനടന്‍റെ അഭാവം.

ജി സര്‍ക്കാര്‍
(ഉറവിടം - വെബ്‌ദുനിയ)

1 comment:

Siju | സിജു said...

ജില്‍‌സ്..
ഞാനും വിനോദയാത്രക്കൊരു റിവ്യൂ എഴുതിയിരുന്നു. ഇവിടെ കാണാം