
മലയാള സിനിമയുടെ ഡ്രൈവിംഗ് സീറ്റില്‍ വീണ്ടും മുകേഷ്. ഹിറ്റ് ഫോര്‍മുല എന്ന് സിനിമക്കാര്‍ വിശ്വസിക്കുന്ന ചട്ടക്കൂടുകളില്‍ ഇന്ന് ഒന്നാമതാണ് മുകേഷിന്‍റെ സ്ഥാനം. മുകേഷിനെ ഉള്‍പ്പെടുത്തിയാല്‍ സിനിമ ഹിറ്റാകും എന്നൊരു പ്രചാരണം വ്യാപകമായിരിക്കുന്നു. ഫലമോ? സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ ഉള്‍പ്പടെ മുകേഷിന്‍റെ സാന്നിധ്യമുറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ് നിര്‍മ്മാതാക്കള്‍.
വിനോദയാത്രയുടെ വന്‍ വിജയമാണ് മുകേഷിന് വീണ്ടും മാര്‍ക്കറ്റുണ്ടാക്കിയിരിക്കുന്നത്. അഭിനയ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ മുകേഷ് തന്‍റെ ഏറ്റവും മികച്ച കരിയര്‍ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. കോമഡിക്കൊപ്പം അഭിനയപ്രാധാന്യമുള്ള നല്ല വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തുന്നു.
വിനോദയാത്രയില്‍ മുകേഷിനെ ഉള്‍പ്പെടുത്തിയത് സത്യന്‍ അന്തിക്കാടിന്‍റെ ഏറ്റവും പുതിയ വിപണന തന്ത്രമാണ്. മുകേഷ് - ദിലീപ് രസതന്ത്രമാണ് ആ ചിത്രത്തിന്‍റെ വിജയത്തെ ഏറ്റവും അധികം സഹായിച്ചതും. ആദ്യപകുതിയില്‍ ദിലീപിനെക്കാള്‍ പ്രാധാന്യം മുകേഷിനാണെന്നത് ശ്രദ്ധിക്കുക.
കൈയ്യൊപ്പ്, കാക്കി തുടങ്ങിയ ചിത്രങ്ങളില്‍ മുകേഷിന്‍റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൈയ്യൊപ്പിലെ കിളിപ്പാട്ട് ശിവദാസന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ്.
ഒരു ഇടവേളയ്ക്ക് ശേഷം വേണു നാഗവള്ളി സംവിധാനം ചെയ്യുന്ന സുഹൃത്ത് എന്ന ചിത്രത്തിലെ നായകന്‍ മുകേഷാണ്. മാത്രമല്ല, വിശ്വോത്തര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘മൂന്നു പെണ്ണുങ്ങളി’ലും പ്രധാന കഥാപാത്രം മുകേഷ് തന്നെ.
ഗോഡ്ഫാദറും, റാംജിറാവുവും, ഹരിഹര്‍ നഗറുമൊക്കെ തകര്‍ത്തുവാരിയ ആ പഴയകാലം പുന:സൃഷ്‌ടിക്കാനൊരുങ്ങുകയാണ് മുകേഷ്.
(Source: yahoo.malayalam)
1 comment:
മുകേഷിനിപ്പൊ നല്ല കാലം തന്നെ..
പക്ഷേ, ഇനി പഴയ കാലമൊക്കെ തിരിച്ചു വരുമെന്നു പ്രതീക്ഷിക്കുന്നത് ഇച്ചിരി ഓവറായിരിക്കും..
Post a Comment